ഷുക്കൂര്‍ വധം: സിബിഐ അന്വേഷണത്തിനെതിരായ ജയരാജന്റെ ഹരജി തള്ളി
ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണണത്തിനെതിരെ പി ജയരാജന്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടി വി രാജേഷും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഇരുവരെയും ഉള്‍പ്പെടുത്തി സിബിഐ അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് അത്തിക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ ജസ്റ്റീസ് കമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഡിവിന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് താല്കാലികമായി സിബിഐ അന്വേഷണം സ്റ്റേ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹരജിയില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനില്‍ ശിവാരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.