ചുരത്തിനൊരു ബദല്‍ പാത വേണം; ആവശ്യത്തിന് വര്‍ഷങ്ങളേറെ പഴക്കം
കേരള -കര്‍ണ്ണാടക അന്തര്‍ സംസ്ഥാന പാതയായ താമരശ്ശേരി ചുരത്തിന് ഒരു ബദല്‍ പാത എന്ന സ്വപ്നത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. റോഡിലെ ഗതാഗതകുരുക്കും കാലാവസ്ഥയുമെല്ലാം വയനാടിനെ ഒറ്റപ്പെടുത്തിയ സാഹചര്യത്തി..
കേരള -കര്‍ണ്ണാടക അന്തര്‍ സംസ്ഥാന പാതയായ താമരശ്ശേരി ചുരത്തിന് ഒരു ബദല്‍ പാത എന്ന സ്വപ്നത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. റോഡിലെ ഗതാഗതകുരുക്കും കാലാവസ്ഥയുമെല്ലാം വയനാടിനെ ഒറ്റപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു മറ്റൊരു പാത എന്ന ആശയം ഉയര്‍ന്ന് വന്നത്. ബദല്‍പാതക്കായി ചിന്തയും ആലോചനയും തുടങ്ങിയിട്ട് 34 വര്‍ഷം പിന്നിടുമ്പോഴും പാത യാഥാര്‍ത്ഥ്യമാകുന്നില്ല എന്നതാണ് വാസ്തവം. ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച തുരങ്കപാതയെങ്കിലും നടക്കുമെന്ന പ്രതീക്ഷയാണിപ്പോഴുള്ളത്. മീഡിയവണ്‍ അന്വേഷണ പരമ്പര തുടരുന്നു.. നേരെയാകുമോ ചുരം.
വയനാട്ടേക്കുള്ള ബദല്‍ പാത എന്ന ആശയം ആദ്യം ഉയരുന്നത് 1983ലാണ്. പെരുവണ്ണാമുഴി പടിഞ്ഞാറത്തറ- പൂഴിത്തോട് പാതയായിരുന്നു ആദ്യ പരിഗണനയില്‍ . 1994ല്‍ ഇതിനായി 9 കോടി രൂപ വകയിരുത്തി. 19 കിലോമീറ്ററോളം വനത്തിലൂടെ കടന്നു പോകണം എന്നത് ഈ പാതക്ക് തടസ്സമായി . 2012ല്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ചിപ്പിലിത്തോട് -മരുതിലാവ് റോഡും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ആനക്കാം പൊയിലില്‍ നിന്നും കള്ളാടി വഴി മേപ്പാടിയിലെത്തുന്ന തുരങ്ക പാതയാണ് ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്.
മറിപുഴവരെ പൊതുമരാമത്ത് റോഡുണ്ട്. ഇരുവഞ്ഞി പുഴക്ക് കുറുകെ സ്വര്‍ഗ്ഗം കുന്ന് വരെ പുതിയ റോഡ് ഉണ്ടാക്കി, ഇവിടെ നിന്ന് പാറ തുരന്ന് 5.63 കിലോമീറ്റര്‍ ദൂരത്തില്‍ 15 മീറ്റര്‍ വീതിയില്‍ തുരങ്കപാത നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 2016-17 ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തുരങ്കപാതക്കായി കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ സാധ്യതപഠനത്തിനായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം തുരങ്കപാത പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു.