മാരായമുട്ടം ക്വാറി പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി
. രാഷ്ട്രീയക്കാരുടെയും വിവിധ വകുപ്പുദ്യോഗസ്ഥരുടെയും വഴിവിട്ട സഹായം ക്വാറി ഉടമകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
തിരുവനന്തപുരം മാരായമുട്ടത്ത് അപകടം നടന്ന കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി. പഞ്ചായത്ത് ലൈസന്‍സ് നല്‍കാതിരുന്നിട്ടും ജില്ലാ വ്യവസായ കേന്ദ്രം വഴി സംഘടിപ്പിച്ച കത്ത് കാട്ടിയാണ് ക്വാറിക്ക് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. രാഷ്ട്രീയക്കാരുടെയും വിവിധ വകുപ്പുദ്യോഗസ്ഥരുടെയും വഴിവിട്ട സഹായം ക്വാറി ഉടമകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കുന്നത്തുകാല്‍ പഞ്ചായത്തിലെ ശാസ്താംപാറയുള്‍പ്പെടുന്ന പ്രദേശത്ത് 150 ഏക്കറോളം വിസ്തൃതിയിലാണ് പാറ പൊട്ടിക്കല്‍. ഓരോ ക്വാറിയും കുറഞ്ഞ ദൂരപരിധി പോലും പാലിക്കാതെ ചേര്‍ന്ന് കിടക്കുന്നു. ചട്ടം മറികടന്ന് നാലടി താഴ്ചക്ക് പകരം പത്തടി താഴ്ചയില്‍ വെടിമരുന്ന് നിറച്ച് പൊട്ടിക്കുന്നു. ഇവിടത്തെ പാറയുടെ സ്വഭാവം പോലും പരിഗണിക്കാതെയുള്ള അശാസ്ത്രീയമായ ഖനനമാണ് പാറ അടര്‍ന്ന് വീണുള്ള അപകടത്തിലേക്ക് നയിച്ചത്.
വന്‍കിട ഖനനത്തിനെതിരെ ജനം പലതവണ കോടതി കയറി. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഈ മാര്‍ച്ചില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ പഞ്ചായത്ത് നിരസിച്ചു. പക്ഷെ, ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഏകജാലക സംവിധാനം വഴി ക്വാറികള്‍ അനുമതി നേടിയെടുത്തു. ഇത് ഹൈക്കോടതിയില്‍ ഹാജരാക്കിയാണ് പഞ്ചായത്തിന്‍റെ നിരോധത്തെ മറികടന്നത്.
മൈനിങ് ആന്‍ഡ് ജിയോളജി, പൊല്യൂഷന്‍ കണ്‍ട്രോള്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പുകള്‍ ജനഹിതമോ നിയമങ്ങളോ മാനിക്കാതെ ക്വാറികള്‍ക്ക് ഒത്താശ ചെയ്തു. ചെറുവിരലനക്കാന്‍ രാഷ്ട്രീയക്കാരോ ജനപ്രതിനിധികളോ മുന്നോട്ടുവന്നില്ല.