ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടം അധ്യയന യോഗ്യമാണെന്നുള്ള എഇഒയുടെ റിപ്പോര്‍ട്ട് പുറത്ത്
സ്കൂളിന്റെ മാനേജര്‍ ആരാണെന്നത് സംബന്ധിച്ച അവ്യക്തത നിലനില്‍ക്കെ, സ്കൂള്‍ മാനേജരുടെ അപേക്ഷയില്ലാതെയാണ് എഇഒ റിപ്പോര്‍ട്ട് തയ്യാറാക്കിയത്
വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്ന് വിവാദമായ പാലക്കാട് മാത്തൂര്‍ എയുപി സ്കൂളിന്റെ ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടം അധ്യയന യോഗ്യമാണെന്ന് ചൂണ്ടിക്കാട്ടി കുഴല്‍മന്ദം എഇഒ നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. സ്കൂളിന്റെ ഉടമസ്ഥത സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കേയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ തീയതിയും സന്ദര്‍ശന തീയതിയും രേഖപ്പെടുത്താതെ എഇഒ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയത്. മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചുമാണ് സ്കൂളുടമ ചട്ടലംഘനം തുടരുന്നതെന്ന് കെഎസ്ടിഎ ആരോപിച്ചു.
വിദ്യാഭ്യാസ വകുപ്പ് രേഖകള്‍ പ്രകാരം മാത്തൂര്‍ എഎല്‍പി സ്കൂളിന്റെ ഉടമ പാഞ്ചാലിയമ്മയാണ്. ഇവര്‍ മരിച്ചിട്ട് ഇരുപത് വര്‍ഷത്തോളമായി. ഇവരുടെ മരണശേഷം വിശ്വനാഥന്‍ എന്നയാള്‍ സ്കൂള്‍ സ്വന്തമാക്കി. എന്നാല്‍, മാനേജ്മെന്റ് കൈമാറ്റം നടക്കാത്തതിനാല്‍ ഈ സ്കൂള്‍ ടികെ ദാസന്‍ എന്നയാള്‍ക്ക് കൈമാറി. ടികെ ദാസന്‍ സ്കൂള്‍ കൈകാര്യം ചെയ്യുമ്പോഴാണ് നിലവിലെ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് അരക്കിലോമീറ്ററകലെ പുതിയ കെട്ടിടം നിര്‍മിക്കുന്നതും ഉദ്ഘാടകനായി മന്ത്രി സി.രവീന്ദ്രനാഥ് എത്തുന്നതും. ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടം അധ്യയന യോഗ്യമാണെന്ന റിപ്പോര്‍ട്ടാണ് സ്കൂള്‍ മാനേജ്മെന്റ് ആര് എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെ കുഴല്‍മന്ദം എഇഒ കൃഷ്ണകുമാരി നല്‍കിയത്. ഇത് ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനം വഴിയാണെന്ന് കെ.എസ്.ടി എ ജില്ലാ സെക്രട്ടറി കെ. എ ശിവദാസന്‍ ആരോപിച്ചു.
ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തത് വിവാദമായതിനെ തുടര്‍ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കൈമാറാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സ്കൂളിന്റെ നിലവിലെ മാനേജര്‍ ആരാണെന്നത് സംബന്ധിച്ച് എഇഒയുടെ കണ്ടെത്തലില്ലാതെ ഈ ഉത്തരവ് പുറത്തിറങ്ങിയതെങ്ങനെയെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. സ്കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്യരുതെന്ന് കെ.എസ്ടിഎ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് ശിവദാസന്‍ വെളിപ്പെടുത്തി. ഇത് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണെന്നാണ് കെഎസ്ടിഎ യുടെ ആരോപണം.