ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം
നിപ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5ലക്ഷം വീതം ധനസഹായം
നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെന്നും ഭയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍. വൈറസ് പടരാതിരിക്കാന്‍ കനത്ത ജാഗ്രത പാലിക്കും. വൈറസ് ബാധ മൂലം മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും മറ്റുള്ളവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
നിപ വൈറസ് ബാധയില്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതുവരെ കൈക്കൊണ്ട നടപടികള്‍ ഫലപ്രദമാണ്. രോഗലക്ഷണങ്ങളുള്ളവരും രോഗബാധയേറ്റവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്. ജാഗ്രതാ നിര്‍ദേശങ്ങള്‍ മറ്റ് ജില്ലകളിലും പാലിക്കണം.
നിപ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‍സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്നത് കൂടാതെ ലിനിയുടെ ഭര്‍ത്താവ് സജീഷിന് കേരളത്തില്‍ ജോലി നല്‍കും.
വൈറസ് ബാധക്ക് കൂടുതല്‍ ഫലപ്രദമെന്ന വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ റിബാവാറിന്‍ എന്ന പുതിയ മരുന്ന് കൂടി രോഗബാധിതകര്‍ക്ക് നല്‍കും. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എയിംസിലെ വിദഗ്ധര്‍ പരിശീലനം നല്‍കുന്നുണ്ട്. 25ന് കോഴിക്കോട് സര്‍വകക്ഷി യോഗം ചേരാനും തീരുമാനമായി.