മുട്ടത്തറ ബിവറേജസ് സമരം അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കം പൊളിച്ചത് സുധീരന്‍

സമരക്കാരെ വിടണമെന്നാവശ്യപ്പെട്ട് വി എം സുധീരന്‍ നന്ദാവനം പൊലീസ് ക്യാമ്പില്‍ കുത്തിയിരിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ പൊലീസിന്റെ കൈവിട്ടുപോയത്.  

Update: 2018-06-29 05:33 GMT
Advertising

മുട്ടത്തറ ബിവറേജസ് സമരം അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കം പൊളിഞ്ഞത് വി എം സുധീരന്‍റെ ഇടപെടലില്‍. സമരക്കാരെ റിമാന്‍ഡ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചത് സുധീരന്‍റെ പ്രതിഷേധം മൂലമാണ്. റിലേ സത്യാഗ്രഹത്തിലൂടെ സമരം തുടരാനും സമര സമിതി തീരുമാനിച്ചു. വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ ഇന്ന് സമരപന്തലിലെത്തും.

ശനിയാഴ്ച ദേശീപാത ഉപരോധം നടത്താന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ച് സമരക്കാരെ അറസ്റ്റു ചെയ്തത്. സമരക്കാരെ റിമാന്‍ഡ് ചെയ്തത് ജയിലിടുന്നതോടെ സമരം അവസാനിക്കുമെന്നായിരുന്നു പൊലീസ് കണക്കുകൂട്ടല്‍. എന്നാല്‍ സമരക്കാരെ വിടണമെന്നാവശ്യപ്പെട്ട് വി എം സുധീരന്‍ നന്ദാവനം പൊലീസ് ക്യാമ്പില്‍ കുത്തിയിരിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ പൊലീസിന്റെ കൈവിട്ടുപോയത്. റിമാന്‍ഡ് നീക്കം ഉപേക്ഷിച്ച പൊലീസ് കേസെടുത്ത് ജാമ്യത്തില്‍ വിടാന്‍ ശ്രമിച്ചെങ്കിലും അതിനും സുധീരന്‍ വഴങ്ങിയില്ല.

Full View

ഒടുവില്‍ സമരക്കാരെ മുഴുവന്‍ കേസെടുക്കാതെ വെറുതെ വിടുകയായിരുന്നു. പാളയം ഇമാം വി പി സുഹൈബ് മൌലവി, ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര, വി ഡി സതീശന്‍ തുടങ്ങിയവര്‍ പൊലീസ് ക്യാമ്പിലെത്തിയതും നിര്‍ണായകമായി. ഈ സമരം പരാജയപ്പെടുന്നത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ശക്തിപകരുമെന്ന വിലയിരുത്തലിലാണ് മദ്യവിരുദ്ധ നേതാക്കള്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്.

സമരം പുതിയ രീതിയില്‍ തുടരാനും സുധീരനടക്കമുള്ള നേതാക്കള്‍ നിര്‍ദേശം നല്‍കി. ബിവറേജസ് ഔട്ട്‍ലെറ്റിന് സമീപമുള്ള ബാലകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഇന്നുമുതല്‍ പുതിയ സമരപന്തലില്‍ റിലേ സത്യഗ്രഹം തുടങ്ങും. സുധീരന്‍, പാളയം ഇമാം, ഫാദര്‍ യൂജിന്‍ പെരേര മറ്റു മദ്യവിരുദ്ധ സമതി നേതാക്കള്‍ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്യാനെത്തും.

Tags:    

Similar News