നിപാ ജാഗ്രത അവസാനിച്ചു; ഭീതിയകന്ന ആശ്വാസത്തില്‍ അധികൃതര്‍
പതിനേഴ് പേരുടെ ജീവന്‍ നഷ്ടമായെങ്കിലും കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരാതിരിക്കാന്‍ കാണിച്ച ജാഗ്രതയെ ലോകാരോഗ്യ സംഘടനയക്കം അഭിനന്ദിച്ചു.
നിപാ വൈറസ് വിതച്ച ഭീതിയില്‍ നിന്നും കോഴിക്കോട് മുക്തമായി. നിപാ ജാഗ്രതാ കാലം ഇന്നലെ അവസാനിച്ചതിന്‍റെ ആശ്വാസത്തിലാണ് അധികൃതരും. എന്നാല്‍ നിപാ വൈറസിന്റെ ഉറവിടം സംബന്ധിച്ച അവ്യക്തതകള്‍ ഇനിയും നീങ്ങിയിട്ടില്ല.
രണ്ടു മാസത്തോളം നീണ്ട ആശങ്കകള്‍. നിപയെന്ന മഹാമാരിയാണ് ഇവിടെ പടര്‍ന്നതെന്നതറിഞ്ഞ് കടുത്ത ജാഗ്രതയിലേക്ക് നീങ്ങിയ നാളുകള്‍. കേരളം ഇതു വരെ കാണാത്ത തരത്തിലുള്ള പോരാട്ടമായിരുന്നു നിപക്കെതിരെ നടത്തിയത്. പതിനേഴ് പേരുടെ ജീവന്‍ നഷ്ടമായെങ്കിലും കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരാതിരിക്കാന്‍ കാണിച്ച ജാഗ്രതയെ ലോകാരോഗ്യ സംഘടനയക്കം അഭിനന്ദിച്ചു.
ജൂണ്‍ 30 വരെയായിരുന്നു വൈറസിന്‍റെ ഇന്‍കുബേഷന്‍ പീരീഡ് കണക്കാക്കിയിരുന്നത്. അതിനാലാണ് അതു വരെ ജാഗ്രത തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതും. ഈ കാലയളവ് അവസാനിച്ചതോടെ വൈറസ് ഭീതിയില്‍ നിന്നും നാട് മുക്തമായെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
എന്നാല്‍ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച സ്ഥിരീകരണം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് കോഴിക്കോട് എത്താനുണ്ടായ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ധര്‍ ആറു മാസത്തിനകം കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നാണ് വിവരം.