ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: ഫോണ്‍രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും 2014 മുതല്‍ 2016 വരെയുള്ള കാലയളവിലെ ഫോണ്‍ രേഖകള്‍ ഹാജരാക്കാനാണ് കോടതിനിര്‍ദ്ദേശം.

Update: 2018-07-16 08:13 GMT
Advertising

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഫോണ്‍രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും ഫോണ്‍രേഖകള്‍ ഹാജരാക്കാനാണ് പാലാ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചത്. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ് തന്നെ ഫോണിലൂടെ അപമാനിക്കാന്‍ ശ്രമിച്ചതായി പറഞ്ഞിരുന്നു. കേസില്‍ കര്‍ദിനാളിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും 2014 മുതല്‍ 2016 വരെയുള്ള കാലയളവിലെ ഫോണ്‍ രേഖകള്‍ ഹാജരാക്കാനാണ് കോടതിനിര്‍ദ്ദേശം. കേസില്‍ നിര്‍ണ്ണായക തെളിവായ പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം, സംഭവത്തിൽ നാളെ കര്‍ദിനാളിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. മൊഴിയെടുക്കുവാനായി കര്‍ദിനാളിന്റെ കൊച്ചിയിലെ ഓഫീസിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാളെ കര്‍ദിനാള്‍ എത്തിയില്ലെങ്കില്‍ കര്‍ദിനാള്‍ ഉള്ള സ്ഥലത്തേക്ക് പോയി മൊഴിയുടുക്കുമെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. രേഖാമൂലം പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന ചോദ്യത്തിനടക്കം കര്‍ദിനാള്‍ മറുപടി പറയേണ്ടിവരും.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി പറഞ്ഞിട്ടുള്ള മറ്റുള്ളവരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ബിഷപ്പ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് 18 പേരാണ് സഭ വിട്ടത്. ഇതില്‍ രണ്ട് കന്യാസ്ത്രീകള്‍ കേസിലെ നിര്‍ണായക സാക്ഷികളാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പീഡനം നടക്കുമ്പോള്‍ ഇവരും കുറവിലങ്ങാട്ടെ മഠത്തില്‍ ഉണ്ടായിരുന്നു. കന്യാസ്ത്രീ പറയുന്ന കാര്യങ്ങള്‍ ഇരുവരും ശരിവെച്ചാല്‍ അത് ബിഷപ്പിന് കൂടുതല്‍ തിരിച്ചടിയാകും.

Tags:    

Similar News