ശബരിമലയില്‍ ആരാധനക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം: സുപ്രീംകോടതി
50 വയസിന് മുകളിലും 10 വയസിന് താഴേയും ആർത്തവമുണ്ടാകാം. ആ കാരണം പറഞ്ഞു എങ്ങനെ നിയന്ത്രിക്കുമെന്നും സുപ്രീംകോടതി
ശബരിമലയില്‍ ആരാധനക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണമെന്ന് സുപ്രീംകോടതി ഭരണഘടന ബഞ്ചിന്‍റെ നിരീക്ഷണം. ആർത്തവത്തിന്റെ പേരിൽ 10ഉം 50ഉം വയസ്സിനിടയിലുള്ള സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ച് രണ്ടാം ദിനം നടത്തിയത് അതിനിര്‍ണ്ണായക പരാമര്‍ശങ്ങളാണ്. ഒരു ക്ഷേത്രത്തിൽ പുരുഷന് പ്രവേശനം ഉണ്ടെങ്കിൽ സ്ത്രീക്കും പ്രവേശനമുണ്ട്. സ്വകാര്യ ക്ഷേത്രം എന്നൊന്നില്ല. ക്ഷേത്രങ്ങളെല്ലാം പൊതുവാണ്. ആ നിലക്ക് ശബരിമലയിലും ആരാധനാ കാര്യത്തില്‍ തുല്യത വേണമെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യം ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്‍റെ 1,2 ഉപ വകുപ്പുകളില്‍ അന്തര്‍ലീനമാണെന്നും പ്രത്യേക നിയമത്തിന്‍റെ പിന്‍ബലം വേണ്ടതില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. 50 വയസ്സ് കഴിഞ്ഞാലും 10 വയസ്സിനു മുന്‍പും ആര്‍ത്തവമുണ്ടായാല്‍ അക്കാരണം പറഞ്ഞ് സ്ത്രീകളെ എങ്ങനെ വിലക്കുമെന്നും കോടതി ചോദിച്ചു. കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച സര്‍ക്കാര്‍ നാലാം തവണയാണ് നിലപാട് മാറ്റുന്നതെന്ന് ഈ സമയം കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കുള്ള വിലക്ക് ആചാരങ്ങളുടെ ഭാഗമാണെങ്കില്‍ ദേവസ്വം ബോര്‍ഡ് അത് തെളിയിക്കണമെന്ന് ഹര്‍ജിക്കാരായ ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനക്ക് വേണ്ടി അഭിഭാഷക ഇന്ദിരാ ജയ്സിംഗ് വാദിച്ചു. കേസില്‍ നാളെയും വാദം തുടരും.