ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തില്‍ കുട്ടനാട്; പ്രസക്തി നഷ്ടപ്പെട്ട് കുട്ടനാട് പാക്കേജ്
കുട്ടനാടിന്റെ സമഗ്ര കൃഷി വികസനത്തിനും വെള്ളപ്പൊക്ക നിയന്ത്രണവും ലക്ഷ്യമിട്ടാണ് കുട്ടനാട് പാക്കേജ് ആവിഷ്കരിച്ചത്. 2008 ൽ യുപിഎ സർക്കാരാണ് 1840 കോടിയുടെ കുട്ടനാട് പാക്കേജിന് അംഗീകാരം നൽകിയത്.
കുട്ടനാടിന്റെ സമഗ്ര കൃഷി വികസനത്തിനും വെള്ളപ്പൊക്ക നിയന്ത്രണവും ലക്ഷ്യമിട്ടാണ് കുട്ടനാട് പാക്കേജ് ആവിഷ്കരിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളിൽ ഒന്നിനെ കുട്ടനാട് അഭിമുഖീകരിക്കുമ്പോൾ കുട്ടനാട് പാക്കേജിന്റെ പരാജയവും ചർച്ചയാവുകയാണ്.
2008 ൽ യുപിഎ സർക്കാരാണ് 1840 കോടിയുടെ കുട്ടനാട് പാക്കേജിന് അംഗീകാരം നൽകിയത്. 2014 ൽ കാലാവധി കഴിഞ്ഞങ്കിലും അനുവദിച്ച പണത്തിന്റെ പകുതി പോലും ചെലവഴിക്കാനായില്ല. കൃഷിയുള്ളതും ഇല്ലാത്തതുമായ പാടശേഖരങ്ങളിൽ പൈൽ ആൻഡ് സ്ലാബ് പുറം ബണ്ട് നിർമാണം നടന്നു. എസ്റ്റിമേറ്റിലും അധികരിച്ച തുകയ്ക്കായിരുന്നു നിർമാണം. ഇത്തരം ബണ്ടുകൾക്കും വെള്ളക്കയറ്റത്തെ അതിജീവിക്കാനായില്ല. പാക്കേജിൽ ഉൾപ്പെട്ടതിന്റെ പേരിൽ പലയിടങ്ങളിലും പുറം ബണ്ട് ബലപ്പെടുത്തലിനും ചാലുകൾ നവീകരിക്കുന്നതിനും പാടശേഖര സമിതികൾ വിമുഖത കാട്ടിയതും തിരിച്ചടിയായി.
തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തമില്ലാതെ ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് നിർവഹണം നടത്തിയതാണ് കുട്ടനാട് പാക്കേജിനെതിരെ വ്യാപക ആക്ഷേപങ്ങൾ ഉണ്ടാകാൻ കാരണം. വെള്ളപ്പൊക്കത്തിൽ വ്യാപക നാശം ഉണ്ടായതോടെ കുട്ടനാട് പാക്കേജിന്റെ പേരിൽ ചെലവഴിച്ച കോടികളും പാഴായി.