കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പിടികിട്ടാപ്പുള്ളി പിടിയില്‍

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു വഴിയാണ് അബുല്ലൈസ് കേരളത്തിലെത്തിയത്. 2013 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

Update: 2018-08-25 13:09 GMT
Advertising

കരിപ്പൂര്‍ വിമാനത്താവളം വഴി എയര്‍ഹോസ്റ്റസ് അടക്കമുള്ളവരെ ഉപയോഗപ്പെടുത്തി 39 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പിടികിട്ടാപ്പുള്ളി അബുലൈസ് പിടിയിലായി. തൃശൂരില്‍ നിന്നാണ് ഡിആര്‍ഐ സംഘം ഇയാളെ പിടികൂടിയത്. 2013 മുതല്‍ ഒളിവില്‍ കഴിയുന്ന അബുലൈസ് കാഠ്മണ്ഡു വഴിയാണ് കേരളത്തിലേക്ക് എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

2013 മുതല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അബുലൈസ് നേപ്പാളിലെ കാഠ്മണ്ഡു വഴി ദുബൈയില്‍ നിന്നും കേരളത്തില്‍ എത്തുന്നതായി ഡിആര്‍ഐക്ക് വിവരം ലഭിച്ചിരുന്നു. ഒരു തവണ ഡിആര്‍ഐ പിന്തുടരുന്നതിനിടയില്‍ ഇയാള്‍ രക്ഷപെടുകയും ചെയ്തു. ഇതിനിടയിലാണ് ഇന്ന് തൃശൂരില്‍ നടക്കുന്ന ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി അബുലൈസ് എത്തുന്നതായുള്ള വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. തുടര്‍ന്ന് കോഴിക്കോട് യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ വിവാഹം നടന്ന കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നിന്ന് അബുലൈസിനെ പിടികൂടുകയായിരുന്നു.

പിന്നീട് പോലീസ് സഹായത്തോടെ അബുലൈസിനെ തൃശൂര്‍ വൈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാഠ്മണ്ഡു വഴിയാണ് ഇത്തവണയും നാട്ടിലെത്തിയതെന്ന് ഇയാള്‍ ഡിആര്‍ഐയോട് സമ്മതിച്ചു. 39 കിലോ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ കണ്ടെത്തിയ കേസില്‍ ‌കൊടുവള്ളി നഗരസഭാ കൌണ്‍സിലര്‍ കാരാട്ട് ഫൈസലടക്കമുള്ള ഏഴ് പ്രതികള്‍ക്കും 38 ലക്ഷം രൂപ വീതം കസ്റ്റംസ് കമ്മീഷണര്‍ പിഴ ശിക്ഷയും വിധിച്ചിരുന്നു.

എയര്‍ഹോസ്റ്റസ് ഹിറാമോസ സെബാസ്റ്റന്‍, റാഹില ചീറായി എന്നീ പ്രതികള്‍ പിടിയിലായതോടെയായിരുന്നു കരിപ്പൂര്‍ സ്വര്‍ണകള്ളകടത്ത് കേസിന്‍റെ വിവരങ്ങള്‍ ആദ്യം പുറത്ത് വരുന്നത്. ഷഹബാസ്, നബീല്‍, അശ്റഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഒളിവില്‍ കഴിയവേ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് ഒപ്പം ദുബൈയില്‍ അബുലൈസ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത് വിവാദമായിരുന്നു.

Full View
Tags:    

Similar News