ബാര്‍ കോഴ കേസ് കുഴിച്ച് മൂടാന്‍ വിജിലന്‍സ് ശ്രമമെന്ന് കോടതി
അന്വേഷണത്തിന്‍റെ നിർണ്ണായക ഘട്ടത്തിൽ വിജിലൻസ് ഒളിച്ചോടുന്നുവെന്ന വിമർശനങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനുമെതിരെ കോടതി ഉന്നയിച്ചു
മുൻ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴ കേസ് തെളിവില്ലെന്ന പേരില്‍ കുഴിച്ച് മൂടാൻ അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി. വസ്തുത വിവര റിപ്പോർട്ടിലെ കണ്ടെത്തലുകൾ മായ്ച് കളയാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചു. അന്വേഷണത്തിന്‍റെ നിർണ്ണായക ഘട്ടത്തിൽ വിജിലൻസ് ഒളിച്ചോടുന്നുവെന്ന വിമർശനങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനുമെതിരെ കോടതി ഉന്നയിച്ചു.
ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയ കേസിൽ മാണിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ കോടതി വിധിയിലാണ് രൂക്ഷ വിമർശനങ്ങളുള്ളത്. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് സ്ഥാപിച്ച് കേസ് കുഴിച് മൂടാനുള്ള അമിതാവേശമാണ് വിജിലൻസ് നടത്തിയത്. കോടതി പറഞ്ഞ ഒരു കാര്യങ്ങളും ഉദ്യോഗസ്ഥൻ അന്വേഷിച്ചില്ല. സത്യം കണ്ടെത്താനുള്ള ആത്മാർത്ഥ ശ്രമം ഉണ്ടായില്ല. ബാറുമകൾ പിരിച്ച ലീഗൽ ഫണ്ടിനെ കുറിച്ചും, നേരത്തെ നടത്തിയ പിരിവുകളെ കുറിച്ചും പരിശോധിച്ചില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയുടെ പണി ചെയ്തുവെന്ന വിമർശനവും കോടതിയുടെ വിധിന്യായത്തിലുണ്ട്. തെളിവ് കണ്ടെത്താൻ വിജിലൻസ് ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നും, അന്വേഷണം നടത്തിയത് ഒഴുക്കൻ മട്ടിലാണെന്നും ജഡ്ജ് ഡി. അജിത്കുമാർ വിമർശിച്ചിട്ടുണ്ട്. കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ കെ.പി സതീശനെ മാറ്റിയതിനെയും കോടതി വിമർശിച്ചു.