വൃദ്ധരെ ആശുപത്രിയില്‍ ഉപേക്ഷിക്കുന്ന സംഭവം; കര്‍ശന നടപടിക്കൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം
ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷക്കിപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.
രോഗികളായ വൃദ്ധരെ ആശുപത്രിയില്‍ ഉപേക്ഷിക്കുന്ന സംഭവത്തില്‍ കര്‍ശന നടപടിക്ക് ഒരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷക്കിപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി തിങ്കളാഴ്ച വിവിധ വകുപ്പുകളുടെ യോഗവും കലക്ടര്‍ വിളിച്ചു. ബന്ധുക്കള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ തീരുമാനം.
കര്‍ശന നിയമനടപടി സ്വീകരിക്കാനാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ തീരുമാനം. വൃദ്ധരെ ഉപേക്ഷിച്ച് പോയ ബന്ധുക്കള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്നതാണ് കുറ്റം. പൊലീസിന് സ്വമേധയാ കേസ് എടുക്കാമെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഉപേക്ഷിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധുക്കള്‍ തയ്യാറാണെങ്കില്‍ കൈമാറും. ബന്ധുക്കള്‍ അനുനയനത്തിന് തയ്യാറായില്ലെങ്കിലാണ് നിയമനടപടിയുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി മുന്നോട്ട് പോകുക. ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് രോഗം ഭേദമാകുന്ന മുറയ്ക്ക് മാറ്റും.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. തിങ്കളാഴ്ച വിഷയം ചര്‍ച്ച ചെയ്യാനായി ജില്ലാ കലക്ടര്‍ യു.വി ജോസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . സാമൂഹിക നീതി വകുപ്പ്, ആരോഗ്യ വകുപ്പ്,ആശുപത്രി അധികൃതര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഉപേക്ഷിക്കപ്പെട്ടവരില്‍ ചിലര്‍ക്ക് ഓര്‍മ പ്രശ്നങ്ങളും മറ്റുമുള്ളത് പൂര്‍ണമായ വിവര ശേഖരണത്തിന് വെല്ലുവിളിയാണ്.