ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

ശബരിമലയിൽ ഒരുക്കേണ്ട സുരക്ഷ ക്രമീകരണങ്ങൾ അടക്കമുള്ള കാര്യങ്ങൾ പ്രധാന ചര്‍ച്ചയാകും

Update: 2018-10-03 00:54 GMT
Advertising

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ആദ്യമന്ത്രി മന്ത്രിസഭ യോഗം ഇന്ന് ചേരും. ശബരിമലയിൽ ഒരുക്കേണ്ട സുരക്ഷ ക്രമീകരണങ്ങൾ അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചക്ക് വന്നേക്കും.

വിധിക്ക് ശേഷമുള്ള നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗവും ഇന്ന് ചേരും. വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായാണ് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കായേര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങള്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടക്കുകയും നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഇവയുള്‍പ്പെടെ നടപ്പിലാക്കുന്നതിന്റെ പ്രായോഗിക വശങ്ങളാകും ഇന്നത്തെ യോഗത്തിലുണ്ടാകുക. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീ പ്രവേശം അനുവദിക്കുമ്പോള്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട കാര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ചര്‍ച്ചയാവും.

Full View

വിധി സംബന്ധിച്ച് പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്ന വ്യത്യസ്ത അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. സുപ്രീം കോടതി വിധി ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്ന വികാരമാണ് നേരത്തെ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ. പത്മകുമാര്‍ പ്രകടിപ്പിച്ചത്. പുനഃപരിശോധന ഹരജിയുടെ സാധ്യത പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ച സാഹചര്യത്തില്‍ പുനഃപരിശോധനാ ഹരജിയുമായി ബോര്‍ഡ് മുന്നോട്ടുപോകുമോ എന്ന കാര്യം സംശയമാണ്. പ്രളയശേഷമുള്ള പമ്പയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഇന്നത്തെ യോഗം വിലയിരുത്തും.

Tags:    

Similar News