ശബരിമല സ്ത്രീപ്രവേശനം; നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്, വനിതാ പൊലീസുകാരുടെ പട്ടിക തയ്യാറായി

40 അംഗ ലിസ്റ്റില്‍ ഉള്ളവരില്‍ 30 പേരെ ഈ മാസം 14, 15 തിയതികളിലായി വനിത പൊലീസുകാരെ സന്നിധാനത്ത് എത്തിക്കും. 

Update: 2018-10-07 06:08 GMT
Advertising

ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രിം കോടതി വിധി നടപ്പിലാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. സന്നിധാനത്ത് ഡ്യൂട്ടി ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന 40 വനിത പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി. അതേസമയം മാസപൂജയ്ക്ക് ദേവസ്വം ബോര്‍ഡിലെ വനിത ജീവനക്കാരെയും സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ ദേവസ്വം കമ്മീഷണര്‍ ഉത്തരവിറക്കി.

Full View

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള വനിതകളെയും സമീപ ജില്ലകളില്‍ നിന്നുള്ളവരുടെയും അടക്കം പട്ടികയാണ് ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയിരിക്കുന്നത്. 40 അംഗ ലിസ്റ്റില്‍ ഉള്ളവരില്‍ 30 പേരെ ഈ മാസം 14, 15 തിയതികളിലായി വനിത പൊലീസുകാരെ സന്നിധാനത്ത് എത്തിക്കും. തുലാമാസ പൂജകള്‍ക്കായി 17 ന് വൈകിട്ടാണ് നട തുറക്കുന്നതെങ്കിലും പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് മുന്‍കൂട്ടി വനിത പൊലീസ് സേനാംഗങ്ങളെ സന്നിധാനത്ത് എത്തിക്കുന്നത്.

പുതുതായി പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയ വനിത ബറ്റാലിയനിലെ അംഗങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലുണ്ട്. എന്നാല്‍ ജില്ലയില്‍ നടക്കുന്ന വിവിധ പ്രതിഷേധ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ഇവരെ വിന്യസിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. അതേസമയം ദേവസ്വം ബോര്‍ഡിലെ വനിത ജീവനക്കാരെ സന്നിധാനത്ത് നിയോഗിക്കുന്നത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മണ്ഡല, മകരവളക്ക് തീർത്ഥാടന സമയത്തും മാസ പൂജ സമയത്തും വനിത ജീവനക്കാരെയും എംപ്ലോയ്മെന്റെ വഴി എത്തിയ താൽകാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണ് ദേവസ്വം കമ്മിഷണർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.

Tags:    

Similar News