അയപ്പ ഭക്തന്‍ പൊലീസ് നടപടിക്കിടെ മരിച്ചെന്ന ബി.ജെ.പി പ്രചാരണം പൊളിയുന്നു
19ന് ദര്‍ശനം കഴിഞ്ഞ് ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായി ഭാര്യ ലളിത പറഞ്ഞു. 16, 17നും പമ്പയിലെ പൊലീസ് നടപടിയില്‍ ശിവദാസന്‍ മരിച്ചെന്നാണ് ബി.ജെ.പി പ്രചാരണം
പത്തനംതിട്ടയില്‍ അയ്യപ്പഭക്തന്‍ പൊലീസ് നടപടിക്കിടെ മരിച്ചെന്ന ബി.ജെ.പി പ്രചരണം പൊളിയുന്നു. മരിച്ച ശിവദാസന്‍ കഴിഞ്ഞ മാസം 18 നാണ് ശബരിമല ദര്‍ശനത്തിനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതെന്നും 19 ന് രാവിലെ വിളിച്ചിരുന്നെന്നും ഭാര്യ ലളിത മീഡിയവണിനോട് പറഞ്ഞു. വ്യാജപ്രചരണം നടത്തി തെറ്റിദ്ധാരണ പരത്തി കലാപത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പത്തനംതിട്ട എസ്.പിയും പറഞ്ഞു. ശിവദാസന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 16നും 17നുമാണ് നിലക്കലിലും പമ്പയിലും പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്. ളാഹയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ പൊലീസ് നടപടിയുടെ ഇരയാണെന്നാണ് ബി.ജെ.പി ആരോപണം. എന്നാല്‍ എല്ലാ മാസവും ശബരിമല ദര്‍ശനം നടത്താറുള്ള ശിവദാസന്‍ 18 നാണ് വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടതെന്നും 19 ന് വീട്ടിലേക്ക് ഫോണ്‍ചെയ്തിരുന്നതായും ഭാര്യ ലളിത പറഞ്ഞു.
ശിവദാസന്‍ കാണാതായത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പൊലീസ് അത് ഗൗരവത്തിലെടുത്തില്ലെന്നും ലളിത പറഞ്ഞു. പൊലീസ് നടപടിക്കിടെ ആണ് ശിവദാസന്‍ മരിച്ചതെന്ന പ്രചരണം വ്യാജമാണെന്ന് പത്തനംതിട്ട എസ്.പി ടി നാരായണന്‍ വ്യക്തമാക്കി. ശിവദാസന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. അപ്രതീക്ഷിതമായുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളെ വലച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തി. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.