ജലീലിന്റെ ബന്ധു നിയമന വിവാദം: മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ചേക്കും
മന്ത്രിയെ പ്രതിരോധിക്കാന്‍ സി.പി.എം നേതൃത്വം ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ പ്രതിപക്ഷം നിലപാട് ശക്തമാക്കുകയാണ്.
മന്ത്രി കെ.ടി ജലീല്‍ ആരോപണ വിധേയനായ ബന്ധു നിയമനം സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ചേക്കും. മന്ത്രിയെ പ്രതിരോധിക്കാന്‍ സി.പി.എം നേതൃത്വം ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ പ്രതിപക്ഷം നിലപാട് ശക്തമാക്കുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചാണ് കെ.ടി ജലീല്‍ തീരുമാനം എടുത്തതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
കെ.ടി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ മാനദണ്ഡങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോർപറേഷന്‍ ജനറൽ മാനേജരായി നിയമിച്ചത് വിവാദമായതോടെയാണ് പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയതെന്ന് വിശദീകരിച്ച മന്ത്രി നിയമനം റദ്ദാക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ രാജി ആവശ്യം ശക്തമാക്കിയത്.
അതിനിടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുന്നതായും സൂചനയുണ്ട്. മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയ ശേഷം കാര്യങ്ങള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിച്ചേക്കും. എന്നാല്‍ ആരോപണം ഉയര്‍ന്ന് വന്നിട്ടും മന്ത്രിയെ പ്രതിരോധിച്ച് സി.പി.എം നേതൃത്വം രംഗത്ത് വരാത്തതും പ്രസക്തമാണ്. വെള്ളിയാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് നിയമന വിവാദം ചര്‍ച്ച ചെയ്തേക്കും.