വിസി നിയമനത്തിൽ ഗവർണറെ മറികടന്ന് സർക്കാർ; വെറ്ററിനറി സർവകലാശാലയിലും സ്ഥിരം വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
വിസി നിയമനത്തിനായി സർക്കാർ സ്വന്തം നിലയ്ക്ക് രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാണ് വിജ്ഞാപനം പുറത്തിറക്കിയത്
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ ഗവർണറെ എതിർക്കാൻ ഉറച്ചുതന്നെ സർക്കാർ. സാങ്കേതിക സർവകലാശാലയ്ക്ക് പിന്നാലെ വെറ്ററിനറി യൂണിവേഴ്സിറ്റിയിലും സർക്കാർ സ്ഥിരം വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിസി നിയമനത്തിനായി സർക്കാർ സ്വന്തം നിലയ്ക്ക് രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി ആണ് വിജ്ഞാപനം പുറത്തിറക്കിയത്.
സംസ്ഥാനത്ത് വൈസ് ചാൻസിലർ നിയമനത്തെ ചൊല്ലിയുള്ള തർക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിയമനാവകാശം തനിക്കാണ് എന്ന് സർക്കാരും ഗവർണറും പരസ്പരം വാദിക്കുമ്പോൾ താൽക്കാലിക ചുമതലക്ക് പോലും സർവകലാശാലകളിൽ ആളില്ല. ഈ ഘട്ടത്തിൽ സ്ഥിരം തസ്തികയിലേക്കുള്ള നിയമനപ്രക്രിയയിൽ വീണ്ടുമൊരു ചുവടുകൂടി വയ്ക്കുകയാണ് സർക്കാർ.
സാങ്കേതിക സർവകലാശാലയിലെ സ്ഥിരം വിസി നിയമനത്തിനുള്ള നീക്കത്തിന് പിന്നാലെ വെറ്ററിനറി യൂണിവേഴ്സിറ്റിയിലും സർക്കാർ വൈസ് ചാൻസിലർക്കായി വിജ്ഞാപനം പുറത്തിറക്കി. ഗവർണറെ മറികടന്ന് സര്‍ക്കാര്‍ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാണ് വിജ്ഞാപനം പുറത്തിറക്കിയത്.
സർവകലാശാലകളിലെ പത്ത് വർഷ പ്രൊഫസർഷിപ്പോ ഗവേഷണ/അക്കാദമിക് സ്ഥാപനങ്ങളിൽ പത്ത് വർഷം അക്കാദമിക ചുമതലയിൽ പ്രവൃത്തി പരിചയമുള്ളവർക്കോ അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ ഏഴിനുള്ളില്‍ രജിസ്റ്റേഡ് തപാലായും ഇ-മെയിൽ മുഖേനയും സർവകലാശാലയിൽ എത്തിക്കണം. ശേഷം സെർച്ച് കം സെലക്ഷൻ കമ്മിറ്റി നിർദേശിക്കുന്ന പാനലിൽ നിന്നാകും നിയമനം നടത്തുക.
അതേസമയം അപേക്ഷ സമർപ്പിച്ചിട്ടില്ലെങ്കിലും യോഗ്യതയുള്ള അക്കാദമിക് വ്യക്തികളെ കൂടി കമ്മിറ്റി പരിഗണിക്കും. അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ 70 വയസാകുന്നതുവരെയാണ് നിയമനം. വിഷയത്തിൽ ഗവർണറുടെ നിലപാട് എന്ത് എന്നാണ് ഇനി കണ്ടറിയേണ്ടത്.
Watch Video Report