സുപ്രിം കോടതി വിധി വന്നതിന് ശേഷം രണ്ട് തവണയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമായില്ല
ഈ മാസം 13 ന് യുവതി പ്രവേശന വിഷയം സുപ്രിം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ പ്രശ്ന പരിഹാരത്തിന് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രിം കോടതി വിധി വന്നതിന് ശേഷം രണ്ട് തവണയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമായില്ല. കോടതി വിധി നടപ്പിലാക്കുമെന്നും യുവതികൾക്ക് സംരക്ഷണം ഒരുക്കുമെന്നുമുള്ള സർക്കാർ പ്രാഖ്യാപനം നിലനിൽക്കെ 50 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പോലും പ്രതിഷേധങ്ങളെ നേരിടേണ്ടി വന്നു. ഈ മാസം 13 ന് യുവതി പ്രവേശന വിഷയം സുപ്രിം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ പ്രശ്ന പരിഹാരത്തിന് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
തുലാമാസ പൂജകൾക്ക് നട തുറന്നപ്പോൾ യുവതി പ്രവേശന വിഷയത്തിൽ നിലക്കൽ പമ്പ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു അക്രമ സംഭവങ്ങള്‍. ചിത്തിര ആട്ട വിശേഷ പൂജാ സമയത്ത് അക്രമങ്ങളുടെ വേദി സന്നിധാനമായി മാറി എന്നതൊഴിച്ചാല്‍ സ്ഥിതിഗതികള്‍ക്ക് മാറ്റമൊന്നും സംഭവിച്ചില്ല. ദർശനത്തിനെത്തിയ യുവതികൾക്കെതിരെ പമ്പയിൽ സംഘപരിവാർ പ്രവർത്തകരുടെ വലിയ പ്രതിഷേധം ഉണ്ടായി. സംശയത്തിന്റെ പേരിൽ 50 വയസിന് മുകളിലുള്ള സ്ത്രീകളെ സന്നിധാനത്തും തടയുന്ന സ്ഥിതിയുണ്ടായി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒരു ദിവസം മുന്നേ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും 2300 ൽ പരം പൊലീസ് സേന അംഗങ്ങൾ സുരക്ഷ വലയമൊരുക്കിയിട്ടും സംഘപരിവാർ നേതൃത്വം സന്നിധാനത്തെയും പരിസരത്തെയും സ്ഥിതിഗതികൾ നിയന്ത്രിച്ചു.
യുവതി പ്രവേശ വിഷയത്തിൽ 5 അംഗ ഭരണ ഘടന ബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച റിട്ട് ഹരജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് 13 ന് പരിഗണിക്കും. ഭരണ ഘടന ബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായ റിട്ട് ഹരജികൾ സാങ്കേതികമായി അംഗീകരിക്കപ്പെടാൻ സാധ്യത ഇല്ലെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങിനെയെങ്കിൽ 16 ന് മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറക്കുമ്പോൾ ശബരിമലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാവാനാണ് സാധ്യത.