ശബരിമല: പുനഃപരിശോധ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കില്ല

ശബരിമല വിധിക്കെതിരെ 48 പുനഃപരിശോധന ഹര്‍ജികളും മൂന്ന് റിട്ട് ഹരജികളുമാണ് സുപ്രീം കോടതിയിലുള്ളത്.

Update: 2018-11-12 16:17 GMT
Advertising

ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ചേംബറില്‍ പരിഗണിക്കും. അതിനിടെ വിധി നടപ്പാക്കുന്നത് തടഞ്ഞതില്‍ ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജികള്‍ക്ക് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു.

ശബരിമല വിധിക്കെതിരെ 48 പുനഃപരിശോധന ഹര്‍ജികളും മൂന്ന് റിട്ട് ഹരജികളുമാണ് സുപ്രീം കോടതിയിലുള്ളത്. റിട്ടുകള്‍ നാളെ രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കും. കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടന ബഞ്ച് വൈകീട്ട് മൂന്ന് മണിക്കാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. ഈ ബഞ്ചിലെ അംഗവും ചീഫ് ജസ്റ്റിസുമായിരുന്ന ദീപക് മിശ്ര വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് പകരമായി നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗഗോയ് ഭരണഘടന ബഞ്ചില്‍ അംഗമായി.

Full View

വിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയുളള കോടതിയലക്ഷ്യ ഹരജിക്ക് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുമതി നിഷേധിച്ചു. ഇതോടെ ഹരജിക്കാര്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

അതിനിടെ, പുനഃപരിശോധന ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡിനായി ഹാജറാകുന്നതില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം പിന്മാറി, മുമ്പ് ആചാരങ്ങളെ പിന്തുണച്ച് എന്‍.എസ്.എസിനായി വാദിച്ചെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ആര്യാമ സുന്ദരം പിന്മാറിയതോടെ മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ശേഖര്‍ നാഫ്‌ഡെയെ ദേവസ്വം ബോര്‍ഡ് സമീപിച്ചിട്ടുണ്ട്.

Tags:    

Similar News