എം.ഐ ഷാനവാസിന്റെ സംസ്കാരം ഇന്ന്
എ.കെ ആന്റണി അടക്കമുള്ള നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ഷാനവാസിന് അന്തിമോപചാരം അര്‍പ്പിച്ചു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍ നടക്കും . എ.കെ ആന്റണി അടക്കമുള്ള നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ഷാനവാസിന് അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ടൌണ്‍ഹാളിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചത്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പുലര്‍ച്ചെ 1.35ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ഐ ഷാനവാസിന്റെ അന്ത്യം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചെന്നെയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രണ്ടരയോട് കൂടിയാണ് വീട്ടലെത്തിച്ചത്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്,മുതിര്‍ന്ന നേതാവ് എ.കെ ആന്റണി , എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വൈകിട്ട് 3.45 ഓടെ എറണാകുളം ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിച്ച ഷാനവാസിന്റെ ഭൌതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി.
വൈകിട്ട് ടൌണ്‍ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം തുടര്‍ന്ന് വീണ്ടും ഷാനവാസിന്റെ വീട്ടിലെത്തിച്ചു. ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന ഷാനവാസിന് കരൾ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായത്. ഇന്ന് രാവിലെ പത്തിന് എറണാകുളം എസ്.ആർ.എം റോഡിലെ തോട്ടത്തുമ്പടി പള്ളിയിൽ ആണ് ഖബറടക്കം നടക്കുക.