നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് പുല്ലുവില; സംവരണ അട്ടിമറി നീക്കവുമായി സര്‍ക്കാര്‍
കെ.എ.എസില്‍ സംവരണം പൂര്‍ണമായി നല്‍കണമെന്നും നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ശിപാര്‍ശ ചെയ്യുന്നു. ഈ റിപ്പോര്‍ട്ട് മറികടന്നാണ് സംവരണ അട്ടിമറിക്ക് സര്‍ക്കാര്‍ കളമൊരുക്കുന്നത്.
കേരള ഭരണ സര്‍വീസില്‍ എല്ലാ വിഭാഗങ്ങളിലും സംവരണം നല്‍കണമെന്ന് ശിപാര്‍ശ ചെയ്ത നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്ത്. കെ.എ.എസിലെ സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം ബൈ ട്രാന്‍സ്ഫര്‍ ആയി കാണാനാകില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. കെ.എ.എസില്‍ സംവരണം പൂര്‍ണമായി നല്‍കണമെന്നും നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ശിപാര്‍ശ ചെയ്യുന്നു. ഈ റിപ്പോര്‍ട്ട് മറികടന്നാണ് സംവരണ അട്ടിമറിക്ക് സര്‍ക്കാര്‍ കളമൊരുക്കുന്നത്.
കേരള ഭരണ സര്‍വീസിലെ മൂന്നില്‍ രണ്ട് നിയമനങ്ങളും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനത്തിന് ബൈ ട്രാന്‍സ്ഫര്‍ എന്ന പ്രയോഗമാണ് കെ.എ.എസ് ചട്ടങ്ങളില്‍ നല്‍കിയിരിക്കുന്നത്. ബൈ ട്രാന്‍സ്ഫറിന് സംവരണമില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഒരു തവണ സംവരണം നേടിവന്നവര്‍ക്ക് വീണ്ടും സംവരണം നല്‍കാനാവില്ല എന്നതാണ് വാദം. സര്‍ക്കാരിന്‍റെ ഈ വാദഗതികളെ നിയമപരമായി തള്ളിക്കളയുന്നതാണ് നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ഏപ്രില്‍ 30ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
മത്സപരീക്ഷയിലൂടെ തെരഞ്ഞെടുത്ത് നടത്തുന്ന കെ.എ.എസ് നിയമനത്തെ ബൈ ട്രാന്‍സഫ്ര്‍ നിയമനമായി കാണാനികില്ല എന്നാണ് നിയമ സെക്രട്ടറി പറയുന്നത്. സര്‍വീസ് റൂള്‍ പ്രകാരം ബൈ ട്രാന്‍സ്ഫര്‍നിയമനം സീനിയോരിറ്റി അടിസ്ഥാനത്തിലാണ്. ഡിപാര്‍ട്ട്മെന്‍റ് പ്രമോഷന്‍ കമ്മറ്റി തയാറാക്കുന്ന സെലക്ട് ലിസ്റ്റില്‍ നിന്നാണ് നിയമനം. ഇവിടെ മത്സരപരീക്ഷയിലൂടെ പുതിയ റാങ്ക് ലിസ്റ്റ് രൂപം കൊള്ളുകയാണ്. പുതിയ കേഡര്‍ ആയതിനാല്‍ എല്ലാ വിഭാഗത്തിലും സംവരണം നല്‍കണമെന്നും നിയമസെക്രട്ടറി ശിപാര്‍ശ ചെയ്യുന്നു. പ്രമോഷനിലും സംവരണം നല്‍കാമെന്നാണ് ഭരണഘടനയുടെ 164 എ അനുഛേദം പറയുന്നത്. 2008 ലെ അശോക് കുമാര്‍ താക്കൂറും യൂണിയന്‍ ഓഫ് ഇന്ത്യും തമ്മിലെ കേസിലെ സുപ്രിം കോടതി വിധി ഇത് ഊന്നിപറയുന്നുണ്ട്.
സംവരണം ലഭിക്കാന്‍ നിലവിലെ ജോലി രാജിവെക്കണമെന്നതാണ് സര്‍ക്കാര്‍ പറയുന്ന മറ്റൊരു കാര്യം. ഈ വ്യവസ്ഥ കോടതിയില്‍ അരനാഴിക പിടിച്ചു നില്‍കുമെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരള ഭരണ സര്‍വീസിലെ സംവരണ നിഷേധത്തിന് സര്‍ക്കാര്‍ പറയുന്ന വാദങ്ങളെ പൂര്‍ണമായി തള്ളുന്ന ഈ റിപ്പോര്‍ട്ട് മറികടന്ന് മുന്നോട്ട്പോകാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.