മരടിലെ മാലിന്യ നീക്കം: ദേശീയ ഹരിത ട്രിബ്യൂണലിന് അതൃപ്തി
മരടിലെ ഫ്ലാറ്റുകൾ പൊളിച്ച ഇടങ്ങളിൽ സമിതി നിരീക്ഷണം നടത്തി.
മരടിലെ മാലിന്യ നീക്കത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അതൃപ്തി. വീഴ്ച തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്ന് കരാറുകാരായ വിജയ് സ്റ്റീൽസിനും പ്രോംറ്റ് എന്റർപ്രൈസസിനും മേൽനോട്ട സമിതി മുന്നറിയിപ്പ് നൽകി. മരടിലെ ഫ്ലാറ്റുകൾ പൊളിച്ച ഇടങ്ങളിൽ സമിതി നിരീക്ഷണം നടത്തി.
മരടിലെ മാലിന്യനീക്കം ചട്ടങ്ങൾ പാലിച്ചാണോ എന്ന് വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷമാണ് സമിതി മരട് സന്ദർശിച്ചത്. ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സൈറ്റുകൾക്ക് ചുറ്റും 30 അടി ഉയരത്തിൽ മറച്ച ശേഷമേ മാലിന്യം നീക്കാൻ പാടുള്ളു എന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്ന് സമിതി കണ്ടെത്തി.
രാത്രിയിൽ മാലിന്യം ഷീറ്റിട്ട് മൂടാതെയാണ് നീക്കുന്നത്. വീഴ്ച തുടർന്നാൽ കടുത്ത നടപടി ഉണ്ടാക്കുമെന്നും ചെയർമാൻ മുന്നറിയിപ്പ് നൽകി. നിരീക്ഷണം ശക്തമാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനോടും നിർദേശിച്ചു.