നാരങ്ങാനം, വട്ടത്തൊട്ടി പ്രദേശങ്ങളിലെ കുട്ടികളെ കാണണമെങ്കിൽ ഈ പാറപ്പുറത്തുകയറി നോക്കണം
പ്രശ്ന പരിഹാരത്തിന് അധികൃതരുടെ ഇടപെടല്‍ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍
ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ നാരങ്ങാനം മേഖലയിൽ മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കാത്ത പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മൊബൈൽ സർവീസിന് സിഗ്നൽ കിട്ടാത്തതിനാൽ പകൽ സമയത്ത് അടുത്തുള്ള പാറപ്പുറത്തിരുന്നാണ് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം. പ്രശ്ന പരിഹാരത്തിന് അധികൃതരുടെ ഇടപെടല്‍ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
പകല്‍ സമയത്ത് വണ്ണപ്പുറം പഞ്ചായത്തിലെ നാരങ്ങാനം വട്ടത്തൊട്ടി പ്രദേശങ്ങളിലെ കുട്ടികളെ കാണണമെങ്കിൽ ഈ പാറപ്പുറത്തുകയറി നോക്കണം. കാരണം, ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ റേഞ്ച് കിട്ടണമെങ്കില്‍ ഇവർക്ക് ഈ പാറപ്പുറത്ത് കയറിയേ മതിയാകൂ.
വണ്ണപ്പുറത്തും തൊമ്മൻകുത്തിലും ബി.എസ്.എൻ.എല്ലിന് ടവർ ഉണ്ടെങ്കിലും ഈ പ്രദേശത്തുകാർക്ക് പ്രയോജനം ലഭിക്കുന്നില്ല. പാറപ്പുറംപോലെ ഉയർന്ന പ്രദേശത്ത് കയറിയാലെ റേഞ്ച് കിട്ടൂ എന്നതാണ് സ്ഥിതി. മുമ്പ് സ്വകാര്യ കമ്പനികൾക്ക് ഇവിടെ റേഞ്ച് കിട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ അതുമില്ല.
കോവിഡ് ഭീതി ഒഴിയാതെ നിൽക്കുന്നതിനാൽ എന്നുവരെ ഈ പാറപ്പുറത്തെ പഠനം തുടരേണ്ടിവരുമെന്ന ആശങ്കയാണ് വിദ്യാർഥികൾക്ക്.