സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ശിവശങ്കറാണെന്ന് ഹൈക്കോടതി

എന്‍ഫോഴ്സ്മെന്‍റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശങ്ങള്‍

Update: 2020-10-28 07:40 GMT
Advertising

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിന്‍റെ സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതെന്ന് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്‍റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശങ്ങള്‍. ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെയും സ്വപ്നയുടെയും മൊഴികളിൽ ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാണെന്ന് കോടതി വ്യക്തമാക്കി. ശിവശങ്കറിന് സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

കസ്റ്റംസ് , ഇഡി എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെയും സ്വപ്നയുടെയും മൊഴികളിൽ ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾക്ക് ശിവശങ്കർ മേൽനോട്ടം വഹിച്ചു. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിന് ഉണ്ടായിരുന്നില്ലെന്നും ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നെന്നും കോടതി വ്യക്തമാക്കി. ശിവശങ്കറിനെ ഇഡിയ്ക്ക് ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് കോടതി.

മുതിര്‍ന്ന ഐ. എ എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശിവശങ്കർ ചോദ്യം ചെയ്യലുമായി സഹകരിക്കണം. മുതിര്‍ന്ന ഐ. എ.എസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കള്ളപ്പണ നിരോധന നിയമത്തിലെ സെഷന്‍ 19 പ്രകാരമുള്ള നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിശ്വാസമെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായിക്കാൻ ഉപയോഗിച്ചുവെന്നാണ് ഇ ഡി കോടതിയെ അറിയിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ പൂർണമായ നിസ്സകരണം ആണ് ശിവശങ്കറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.

സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകൻ ശിവശങ്കർ ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇഡി വ്യക്തമാക്കിയിരുന്നു. സ്വപ്ന ശിവശങ്കറിന്‍റെ വിശ്വസ്ത ആണ് .സ്വപ്നയെ മറയാക്കി ശിവശങ്കർ തന്നെ ആകാം എല്ലാം നിയന്ത്രിച്ചതെന്നുമായിരുന്നു ഇഡി കോടതിയെ അറിയിച്ചിരുന്നത്.

Tags:    

Similar News