തീവ്ര പരിചരണ വിഭാഗമില്ലാതെ ടാറ്റാ കോവിഡ് ആശുപത്രി പ്രവർത്തനം തുടങ്ങിയതിനെതിരെ പ്രതിഷേധം

ടാറ്റ കമ്പനി സൗജന്യമായി നിർമ്മിച്ചു നൽകിയ കാസർകോട് ചട്ടഞ്ചാലിലെ കോവിഡ് പ്രത്യേക അശുപത്രി എഫ്.എൽ.ടി.സിയായി ഇന്നലെ പ്രവർത്തനം ആരംഭിച്ചിരുന്നു

Update: 2020-10-29 01:08 GMT
Advertising

തീവ്ര പരിചരണ വിഭാഗം ഒരുക്കാതെ ടാറ്റാ കോവിഡ് ആശുപത്രി പ്രവർത്തനം തുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. അടുത്ത മാസം ഒന്ന് മുതൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല നിരാഹാര സമരം. ടാറ്റ കമ്പനി സൗജന്യമായി നിർമ്മിച്ചു നൽകിയ കാസർകോട് ചട്ടഞ്ചാലിലെ കോവിഡ് പ്രത്യേക അശുപത്രി എഫ്.എൽ.ടി.സിയായി ഇന്നലെ പ്രവർത്തനം ആരംഭിച്ചിരുന്നു.

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിയിൽ ബുധനാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. കോവിഡ് പോസിറ്റീവായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് പ്രവേശിപ്പിക്കുക. ആദ്യ ഘട്ടത്തിൽ 50 രോഗികളെയാവും പ്രവേശിപ്പിക്കുക. ആശുപത്രിക്ക് പുതുതായി 191 പോസ്റ്റുകൾ അനുവദിച്ചിരുന്നെങ്കിലും രണ്ട് ഡോക്ടർ ഉൾപ്പടെ 25 ൽ താഴെ ജീവനക്കാരെ മാത്രം നിയമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. മറ്റു ആശുപത്രികളിൽ നിന്നു ജോലി ക്രമീകരണത്തിന്‍റെ ഭാഗമായാണ് നിയമനം. കാസർകോട് ജനറൽ ആശുപത്രിക്ക് കീഴിലുള്ള കോവിഡ് ആശുപത്രിയായാണ് ഇതിന്‍റെ പ്രവർത്തനം.

ജനറൽ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ കുഞ്ഞിരാമനാണ് ടാറ്റാ ആശുപത്രിയുടെ നോഡൽ ഓഫീസർ. വലിയ പ്രതീക്ഷയോടെയായിരുന്നു ടാറ്റാ ആശുപത്രിക്കായി ജനങ്ങൾ കാത്തിരുന്നത്. എന്നാൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ എഫ് എൽ ടി സി കളിലെ സൗകര്യങ്ങൾ മാത്രം ഒരുക്കി പ്രവർത്തനം തുടങ്ങിയതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ജില്ലയോടുള്ള അവഗണയ്ക്കെതിരെ രാജ് മോഹൻ എം.പിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിനും, സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ടിനും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News