കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെ കസ്റ്റംസും കസ്റ്റഡിയില്‍ വാങ്ങും

വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്

Update: 2020-11-04 07:06 GMT
Advertising

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസും കസ്റ്റഡിയില്‍ വാങ്ങും. വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും കസ്റ്റംസ് അപേക്ഷ നല്‍കുക .നാളെ ഇഡിയുടെ കസ്റ്റഡി കാലാവധി തീരും.

കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കറിനെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുക. കസ്റ്റഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും കോടതയില്‍ അപേക്ഷ നല്കും. 14 ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്ന് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നങ്കിലും ഏഴ് ദിവസമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചത്. നാളെ രാവിലെ 11 ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കും. കേസിലെ മറ്റ് പ്രതികളായ സരിത് ,സന്ദീപ്, സ്വപ്ന എന്നിവരെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് ഇഡിക്ക് കോടതി അനുമതി നൽകിയിരുന്നു.

ഇവരിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടേക്കും ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷമായിരിക്കും കസ്റ്റംസിന്‍റെ ചോദ്യം ചെയ്യല്‍. വിദേശത്തക്ക് ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ നല്‍കിയ ഹരജി നാളെ കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ ഇഡി കോടതിയില്‍ ശക്തമായി എതിര്‍ക്കും. ശിവശങ്കറിന്‍റെ സ്വത്ത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ജാമ്യം നല്‍കരുതെന്ന ഇഡി കോടതിയില്‍ ആവശ്യപ്പെടും.

Tags:    

Similar News