ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്‍റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി
വയനാട് ജില്ലാ കലക്ടറാണ് അനുമതി നല്‍കിയത്. കുടുംബം കോഴിക്കാട് മെഡിക്കൽ കോളജിലെത്തി മൃതദേഹം കണ്ട ശേഷമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക
വയനാട് പടിഞ്ഞാറത്തറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്‍റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി. കുടുംബം കോഴിക്കാട് മെഡിക്കൽ കോളേജിലെത്തി മൃതദേഹം കണ്ട ശേഷമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊലീസ് തടഞ്ഞു.ഏറ്റുമുട്ടൽ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മാവോയിസ്റ്റ് വേൽ മുരുകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പടിഞ്ഞാറത്തറ വാളാരം കുന്നിൽ ഇന്നും തണ്ടർബോൾട്ട് സംഘം തെരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്ന അഞ്ചുപേർക്കായാണ് പന്തിപ്പൊയിൽ വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് ബാലിസ്റ്റിക് പരിശോധനയും നടക്കുന്നുണ്ട്. അതിനിടെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ട വേൽ മുരുകൻ കുടുംബത്തിന് വയനാട് ജില്ലാ കലക്ടർ അനുമതി നൽകി. കുടുംബം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി മൃതദേഹം കണ്ട ശേഷമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് മോർച്ചറിയിൽ വേൽമുരുകന്‍റെ മൃതദേഹം കാണാനെത്തിയ കോൺഗ്രസ് നേതാവ് ടി.സിദ്ദിഖിനെ പൊലീസ് തടഞ്ഞു. ഇതേതുടർന്ന് പ്രവർത്തകർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.