യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി. ബിജു അന്തരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈവസ് ചെയര്‍മാനും ഡി.വൈ.എഫ്.ഐ നേതാവുമായ പി.ബിജു അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം ഇന്ന് തന്നെ നടക്കും. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ബിജുവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.
രണ്ടാഴ്ച മുന്‍പാണ് കോവിഡ് ബാധിച്ച് ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മുക്തനായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.വൃക്കകൾ തകരാറായതിനെത്തുടർന്ന് ഡയാലിസിസിനും വിധേയനാക്കിയിരുന്നു.
ഇന്ന് രാവിലെ എട്ടേകാലോടെ മരണം സ്ഥിരീകരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പി.ബിജു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഊർജ്ജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു ബിജുവെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ ഭാവി വാഗ്ദാനത്തെയാണ് നഷ്ടപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുസ്മരിച്ചു.