മഹസർ രേഖകളിൽ ഒപ്പിടാൻ തയ്യാറാകാതെ ബിനീഷിന്‍റെ ഭാര്യ; റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍

നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇഡി റെയ്ഡ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാർ പറഞ്ഞു

Update: 2020-11-05 01:56 GMT
Advertising

ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ നാടകീയരംഗങ്ങൾ. റെയ്ഡിനിടെ പിടിച്ചെടുത്ത അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ഇഡി സംഘം കൊണ്ടു വച്ചതാണെന്ന് ചൂണ്ടിക്കാട്ടി മഹസർ രേഖകളിൽ ഒപ്പിടാൻ ബിനീഷിന്‍റെ ഭാര്യ തയ്യാറായില്ല. അന്വേഷണസംഘം ഇപ്പോഴും ബിനീഷിന്‍റെ വീട്ടിൽ തുടരുകയാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇഡി റെയ്ഡ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാർ പറഞ്ഞു.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച റെയ്ഡ് പൂർത്തിയായത് രാത്രി എട്ടുമണിക്ക്. മഹസർ രേഖകൾ തയ്യാറാക്കി ഒപ്പ് രേഖപ്പെടുത്തുന്നതിനായി ബിനീഷിന്‍റെ ഭാര്യ റെനീറ്റക്ക് കൈമാറിയതിന് പിന്നാലെയാണ് നാടകീയരംഗങ്ങൾ നടന്നത്. രേഖകളിൽ ഒന്നിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് റെയ്ഡിൽ പിടിച്ചെടുത്തതായി പറഞ്ഞിരുന്നു.

ഇതിൽ ഒപ്പ് രേഖപ്പെടുത്താൻ കഴിയില്ലെന്ന് റെനീറ്റ ഇഡി സംഘത്തെ അറിയിച്ചു. ക്രെഡിറ്റ് കാർഡ് ഇഡി സംഘം കൊണ്ട് വെച്ചതാണെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. രാത്രി 8:30 യോടെ അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാർ ബിനീഷിന്‍റെ വീട്ടിലേക്ക് എത്തി. റെയ്ഡ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെ കയറ്റിവിടാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭിഭാഷകനെ അറിയിച്ചു. ഒരു മണിക്കൂറിനുശേഷം ഇഡി ഉദ്യോഗസ്ഥൻ അഭിഭാഷകനെ ഫോണിൽ ബന്ധപ്പെടുകയും മഹസർ രേഖയിൽ ഒപ്പിടാൻ ബിനീഷിന്‍റെ ഭാര്യ തയ്യാറാകുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്നും നിർബന്ധിച്ച് ഒപ്പിടിപ്പിക്കരുത് എന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതോടെ റെയ്ഡ് പൂർത്തിയായിട്ടും അന്വേഷണസംഘം വീട്ടിൽ തന്നെ തുടർന്നു. പതിനൊന്നരയോടെ അഭിഭാഷകൻ മാധ്യമങ്ങൾക്കുമുന്നിൽ.

Full View
Tags:    

Similar News