സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, രോഗികളുടെ എണ്ണവും
തീവ്രരോഗവ്യാപനമുണ്ടായ ഒക്ടോബര്‍ മാസത്തെ ആദ്യ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടായത്
കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും ചികിത്സയിലുളള രോഗികളുടെ എണ്ണം കുറയുന്നതും ആരോഗ്യമേഖലയ്ക്ക് ചെറിയ ആശ്വാസമാവുകയാണ്. തീവ്രരോഗവ്യാപനമുണ്ടായ ഒക്ടോബര്‍ മാസത്തെ ആദ്യ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടായത്. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ രോഗവ്യാപന സാധ്യത കൂടുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തില്‍ ഒക്ടോബര്‍ മാസം തുടക്കത്തില്‍ പ്രതിദിനം പതിനായിരം കോവിഡ് രോഗികള്‍ വരെ ഉണ്ടായിരുന്നിടത്ത് നിന്നും 8000ത്തിലേക്കും അവസാന ആഴ്ച ആറായിരത്തിലേക്കും ശരാശരി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ചെറിയൊരാശ്വാസമാണ് നല്‍കുന്നത്. അതായത്, കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറഞ്ഞു. എങ്കിലും ദേശീയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് കൂടിയ സംസ്ഥാനങ്ങളില്‍ മുന്നിലാണ്.
ചില വിദേശ രാജ്യങ്ങളില്‍ കോവിഡ് രോഗവ്യാപനം കുത്തനെ കുറഞ്ഞതിന് ശേഷവും രണ്ടാം തരംഗം അതിതീവ്രമായി വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളെ ഉദാഹരണമായി എടുക്കുമ്പോള്‍ ജാഗ്രതക്കുറവുണ്ടായാല്‍ കേരളത്തിലും അതുവഴി ഇന്ത്യയിലും സമാന സാഹചര്യം വിദൂരമല്ലെന്ന് ആരോഗ്യ വിദഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗം മാറിയവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകുന്നതും തെറ്റായ കോവിഡ് നിര്‍ണയവും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതേക്കുറിച്ചുളള ജാഗ്രത കൂടി ജനങ്ങള്‍ക്കുണ്ടാകണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.