ലൈഫ് പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ശിവശങ്കരന്‍ സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കൈമാറിയതായി സൂചന
വടക്കാഞ്ചേരിക്ക് പുറമേ മറ്റ് ലൈഫ് പദ്ധതികളിലും കമ്മീഷന്‍ തട്ടാന്‍ കരാറുകാരെ കണ്ടെത്താന്‍ സ്വപ്നയടക്കമുള്ളവർ ശ്രമിച്ചിരുന്നതായിട്ടാണ് ഇഡിയുടെ വിലയിരുത്തല്‍
ലൈഫ് പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ശിവശങ്കരന്‍ സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കൈമാറിയതായി സൂചന. വടക്കാഞ്ചേരിക്ക് പുറമേ മറ്റ് ലൈഫ് പദ്ധതികളിലും കമ്മീഷന്‍ തട്ടാന്‍ കരാറുകാരെ കണ്ടെത്താന്‍ സ്വപ്നയടക്കമുള്ളവർ ശ്രമിച്ചിരുന്നതായിട്ടാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ ഇഡി റൈഡ് നടത്തി.
ഹൈദരാബാദിലുള്ള പെന്നാർ ഇന്‍ഡസ്ട്രീസിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും നിർണായകമായ പല രേഖകളും കണ്ടെത്തിയതായാണ് വിവരം. ഇത് സ്വപ്ന അടക്കമുള്ള പ്രതികള്‍ വഴി ലഭിച്ചതാണെന്നാണ് വിലയിരുത്തല്‍. വടക്കാഞ്ചേരി പദ്ധതിയില്‍ യുണിടാക്കില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയത് പോലെ പെന്നാർ ഇന്‍ഡസ്ട്രീസില്‍ നിന്നും കമ്മീഷന്‍ വാങ്ങാന്‍ നീക്കം നടന്നതായാണ് കണ്ടെത്തല്‍. ഇതിനായി സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും ലൈഫ് പദ്ധിതിയുടെ വിവരങ്ങള്‍ ചോർത്തി നല്‍കിയത് ശിവശങ്കറാണെന്നാണ് ഇഡി സംശയിക്കുന്നത്. നിലവില് മൂന്ന് ദിവസം സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
ഈ സമയത്ത് കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ചോദിച്ചറിയാനാണ് ഇഡി ശ്രമിക്കുന്നത്. ലൈഫിന്‍റെ മറ്റ് ജില്ലകളിലെ പദ്ധതികളിലും കമ്മീഷന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം.