സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്
610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കോവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്.
ക്ലസ്റ്ററുകളിലെ തീവ്ര കോവിഡ് വ്യാപനം ഇല്ലാതായെന്ന ശുഭസൂചനയാണ് ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 610 മേഖലകളിൽ നാനൂറ്റി പതിനേഴും നിർജീവമായി. ഒക്ടോബർ അവസാന വാരത്തെ അപേക്ഷിച്ച് നവംബറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നൂറ് പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഇപ്പോൾ ഇത് 16 ആണ്. 20 നു മുകളിലായിരുന്ന തിരുവനപുരത്ത് 11 ആണ് ടി പി ആർ. ഇടുക്കിയിൽ മാത്രമാണ് നേരിയ വർധന.
ഓണത്തിന് ശേഷം ആദ്യമായി ഇന്നലെ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെയെത്തിയിരുന്നു. കഴിഞ്ഞ മാസം 13ന് 18 ശതമാനത്തിന് മുകളില്‍ പോയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 9.68 ആയി. ചികിൽസയിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. തൊണ്ണൂറ്റിയാറായിരം പേർ ഒരേ സമയം ചികിൽസയിലുണ്ടായിരുന്നിടത്ത് രോഗികളുടെ എണ്ണം 77,813 ആയി .
ഐസിയുവിലും വെന്‍റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 927 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. രോഗവ്യാപനത്തില്‍ കുറവുണ്ടെങ്കിലും മരണനിരക്കിൽ കുറവില്ല. പന്ത്രണ്ടു ദിവസത്തിടെ 312 പേരാണ് കൊവിഡ് മരണത്തിന് കീഴടങ്ങിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നതിനാൽ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. കോവിഡാനന്തരം രോഗങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്