സാമ്പത്തിക സംവരണം; ആക്ഷേപമുന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നരെന്ന് എ.വിജയരാഘവന്‍

ജാതി അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്ന ഒരു പാർട്ടിയല്ല കമ്യൂണിസ്​റ്റ്​ പാർട്ടി. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്.ജാതികൾ തമ്മിലുള്ള സംഘർഷമല്ല നമ്മുടെ നാട്ടിൽ നടക്കുന്നത്

Update: 2020-11-16 04:41 GMT
Advertising

സാമ്പത്തിക സംവരണത്തിൽ വീണ്ടും വർഗീയ ആരോപണവുമായി സി.പിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ആക്ഷേപം ഉന്നയിക്കുന്നത് വർഗീയ ഏകോപനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ. സംവരണ വിഭാഗത്തിലെ സമ്പന്നരാണ് ആക്ഷേപം ഉന്നയിക്കുന്നത്. കേരളത്തിലെ പിന്നാക്കക്കാർക്ക് പരമാവധി സംവരണത്തിന്‍റെ ആനുകൂല്യം കിട്ടിയെന്നും വിജയരാഘവൻ മാധ്യമം പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ജാതി അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്ന ഒരു പാർട്ടിയല്ല കമ്യൂണിസ്​റ്റ്​ പാർട്ടി. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്. ജാതികൾ തമ്മിലുള്ള സംഘർഷമല്ല നമ്മുടെ നാട്ടിൽ നടക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗം അതിൽ വേറെയാണ്. അവർ സഹസ്രാബ്​ദങ്ങളുടെ അടിച്ചമർത്തലിന് വിധേയരായവരാണ്. അവർക്കുള്ള സംവരണം അഭംഗുരം തുടരണം. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിശ്ചയിച്ച അളവിൽ വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടതാണ്. പട്ടികജാതി/വർഗം ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളിലും സമ്പന്നരും ദരിദ്രരുമുണ്ട്. ഈ ദരിദ്ര ജനവിഭാഗങ്ങളുടെ യോജിപ്പാണ് ഞങ്ങൾ നടത്തുന്നത്.

സംവരണത്തിലൂടെ ജോലി ലഭിക്കുന്ന ആളുകൾക്ക് ഇന്ന് കോൺഗ്രസും ബി.ജെ.പിയും നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളിലൂടെ സംവരണത്തിന്‍റെ അളവ് എത്ര ചുരുങ്ങിപ്പോയി? അടച്ചുപൂട്ടുന്ന ഓരോ പൊതുമേഖല സ്ഥാപനവും സംവരണ തൊഴിൽ അവസരമല്ലേ നഷ്​ടപ്പെടുത്തുന്നത്? സംവരണം വഴി ജോലി ലഭിക്കുന്നതിന്‍റെ അളവ് വലിയ തോതിൽ കുറഞ്ഞു. റെയിൽവേ പോലുള്ള സ്ഥാപനങ്ങളിൽ റിക്രൂട്ട്മെൻറ് നിശ്ചലമായി. റിക്രൂട്ട്മെന്‍റ് ഇല്ലെങ്കിൽ സംവരണം ലഭിക്കുമോ? അതല്ലേ മൗലിക വിഷയം? ഈ സാമ്പത്തിക നയത്തിന് എതിരായി സമരം രൂപപ്പെട്ടുവരേണ്ടതല്ലേ? സംവരണം എന്നൊരു വിഷയത്തെ മാത്രം വെച്ചുകൊണ്ടല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുക.

സി.പി.എം രാഷ്​ട്രീയ നിലപാടുകൾ സ്വീകരിക്കുന്നത് വോട്ടുബാങ്കിലേക്ക് നോക്കിയല്ല, സമൂഹതാൽപര്യം കണക്കാക്കിയാണ്. സംവരണ പ്രശ്നത്തിൽ 1995ൽ സി.പി.എം, ഇന്ന് ഇന്ത്യ അംഗീകരിച്ച നിലപാട് ഉയർത്തിപ്പിടിച്ചു. അന്ന് കേരള നിയമസഭയിൽ സി.പി.എം ഒറ്റപ്പെട്ടു. പക്ഷേ, പിന്നീട് കാലം അതിലേക്കു നീങ്ങി. ഒരു ജാതി, ഒരു വോട്ടുബാങ്ക് എന്നതാണ് ആക്ഷേപം ഉന്നയിക്കുന്നവർ ആഗ്രഹിക്കുന്നത്. ആ നിലപാടിൽനിന്നാണ് ഈ ചോദ്യംപോലും ഉയരുന്നത്. അതിൽ ഞങ്ങൾ ഭയപ്പെടുന്നില്ല. ഏതെങ്കിലും മതപാർട്ടിയുമായി രാഷ്​ട്രീയസഖ്യം ഉണ്ടാക്കി അവരുടെ വർഗീയ കാഴ്​ചപ്പാടിന് ഒരു രാഷ്​ട്രീയ ലാഭം ഉണ്ടാക്കുന്ന എളുപ്പവഴി സി.പി.എം അന്വേഷിക്കുന്നില്ലെന്നും അഭിമുഖത്തില്‍ പറയുന്നു.

Full View
Tags:    

Similar News