സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിൽ ജയിൽ വകുപ്പ് ഇന്ന് തീരുമാനമെടുക്കും
കഴിഞ്ഞ ദിവസമാണ് ജയിൽ മേധാവി ഋഷിരാജ് സിംഗിന് ഇഡി കത്ത് നൽകിയത്. സംഭവത്തിൽ ദക്ഷിണമേഖല ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ഇഡിക്ക് കൈമാറുമെന്നാണ് സൂചന
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ഇഡിയുടെ കത്ത് ജയിൽ വകുപ്പ് ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ജയിൽ മേധാവി ഋഷിരാജ് സിംഗിന് ഇഡി കത്ത് നൽകിയത്.
സംഭവത്തിൽ ദക്ഷിണമേഖല ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ഇഡിക്ക് കൈമാറുമെന്നാണ് സൂചന. ശബ്ദരേഖയുടെ ഉറവിടത്തിലടക്കം അന്വേഷണം നടത്താൻ പോലീസ് മേധാവിക്ക് ശിപാർശ കൈമാറിയതും ഇഡിക്ക് നൽകുന്ന മറുപടിയിൽ ജയിൽ വകുപ്പ് അറിയിച്ചേക്കും.
സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന പൂർണമായും സമ്മതിച്ചിട്ടില്ല. ജയിൽ മേധാവിക്ക് ഡി.ഐ.ജി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.