ബാര്‍ കോഴ; രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗികരിച്ചു. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവർണറെയും സ്പീക്കറെയും സമീപിക്കും
പ്രതിപക്ഷനേതാക്കള്‍ക്കെതിരായ കേസുകള്‍ കൂടുതല്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ബാർ കോഴയിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി. ബാർ ഉടമയായ ബിജു രമേശിന്‍റെ വെളിപ്പടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് അന്വേഷണം നടക്കുക. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവർണ്ണർക്കും സ്പീക്കർക്കും കത്ത് നല്‍കും.
ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ മുന് എക്സൈസ് മന്ത്രി കെ. ബാബുവിന്‍റെ നിർദ്ദേശ പ്രകാരം 10 കോടി രൂപ പിരിച്ചുവെന്നും അതില്‍ ഒരു കോടി രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം കെ ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും നല്‍കിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. ഇതേതുടർന്ന് മൂവർക്കുമെതിരെ ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയത്. ജനപ്രതിനിധികള്‍ക്കെതിരെ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി വേണം. അതുകൊണ്ട് അനുമതി തേടി ഗവർണ്ണർക്കും സ്പീക്കർക്കും സർക്കാര്‍ കത്ത് നല്‍കും. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ചെന്നിത്തലയ്ക്കും കെ.ബാബുവിനും വി.എസ് ശിവകുമാറിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യും.
അതേസമയം ബാർ കോഴ ആരോപണത്തില്‍ നിന്ന് പിന്മാറാന്‍ ജോസ് കെമാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ജോസ് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണമെന്നും പണം കൈമാറാത്തത് കൊണ്ട് അന്വേഷണത്തിന് സാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.