കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കാന്‍ ശ്രമം; മാലിന്യവുമായെത്തിയ വാഹനം മറിഞ്ഞു
കിള്ളിയാറിന്‍റെ കൈവഴിയായ നെട്ടറ തോട്ടിലാണ് സംഭവം. നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം നെടുമങ്ങാട്ട് കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കാൻ ശ്രമിച്ച വാഹനം മറിഞ്ഞു. കിള്ളിയാറിന്‍റെ കൈവഴിയായ നെട്ടറ തോട്ടിലാണ് സംഭവം. നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ രക്ഷപ്പെട്ടു.
കരകുളം, മുല്ലശ്ശേരി തിരുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ തോട്ടിലുടെ ഒഴുകാൻ എത്തിച്ച കക്കൂസ് മാലിന്യം അടങ്ങിയ കണ്ടെയ്നർ ആണ് അപകടത്തിൽ പെട്ടത്. വാഗനം പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിലുണ്ടായിരുന്ന കക്കൂസ് മാലിന്യം പുറത്തു വന്നതോടുകൂടി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായി. വാഹനം വീഴുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഡ്രൈവർ രക്ഷപ്പെട്ടു.
തുടർന്നു നെടുമങ്ങാട് പൊലീസിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി പ്രദേശം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ദുർഗന്ധം മാറിയിട്ടില്ല. ഇവിടെ മാലിന്യം തള്ളുന്നത് പതിവാണെന്നും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
നൂറുകണക്കിനാളുകള്‍ കുളിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന പ്രധാന തോടാണിത് . പൊലീസിന്‍റെ അന്വേഷണത്തിൽ ബാലരാമപുരം സ്വദേശിയുടെ വാഹനമാണ് എന്ന് വ്യക്തമായിട്ടുണ്ട്.