പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധന
വാണിജ്യ പാചകവാതക സിലണ്ടറിന് 37 രൂപ കൂടി 1330 രൂപയായി
സംസ്ഥാനത്ത് പാചക വാതകത്തിന് വീണ്ടും വില കൂട്ടി. 50 രൂപയാണ് ഇന്ന്കൂട്ടിയത്. 30 ദിവസത്തിനിടെ 100 രൂപ പാചകവാതകത്തിന് എണ്ണക്കമ്പനികള്‍ വർധിപ്പിച്ചു. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 701 രൂപയായി. വാണിജ്യ സിലിണ്ടറിന്‍റെ വില 1330 രൂപയാണ്.
ഒരു മാസത്തിനുള്ളില്‍ പാചക വാതകത്തിന്‍റെ വില കൂടുന്നത് രണ്ടാം തവണയാണ്. നേരത്തെ സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. തുടര്‍ന്ന് 601 രൂപയായിരുന്ന സിലിണ്ടറിന് 651 രൂപയായി . ഇന്ന് 50 രൂപ കൂടി വര്‍ധിപ്പിച്ചതോടെ സിലണ്ടറിന്‍റെ വില 701 രൂപയായി ഉയര്‍ന്നു. സബ്സിഡിയുള്ള സിലണ്ടറിന്‍റെ വിലയാണിത്. എന്നാല്‍ സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 37 രൂപകൂടി ഇന്ന് വര്‍ധിച്ചു. നേരത്തെ 55 രൂപ വർധിച്ച് സിലിണ്ടറിന് 1293 രൂപയായെത്തിയിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ വാണിജ്യ സിലണ്ടറിന് 1330 രൂപയായി വില. പാചക വാതകത്തിന്‍റെ അടക്കം വില വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുകയാണ്.
കോവിഡിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതോടെ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്‍റെ വില കുറഞ്ഞിരുന്നു. എന്നാല്‍ കോവിഡ് മുക്തമാകുന്നതിന് മുന്‍പെ തന്നെ കുറഞ്ഞ വില കുതിച്ചുയരുകയാണ്.