യാക്കോബായ സഭക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് എല്‍.ഡി.എഫിന് നേട്ടമായി
യാക്കോബായ സഭയുടെ ഏറ്റവും ശക്തികേന്ദ്രങ്ങളായ പിറവം നഗരസഭയിലും കോതമംഗലം നഗരസഭയിലും പത്ത് വര്‍ഷത്തിന് ശേഷം എല്‍ഡിഎഫ് ഭരണം പിടിച്ചു
മലങ്കരസഭ പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് എല്‍.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടമായി. യാക്കോബായ സഭയുടെ ഏറ്റവും ശക്തികേന്ദ്രങ്ങളായ പിറവം നഗരസഭയിലും കോതമംഗലം നഗരസഭയിലും പത്ത് വര്‍ഷത്തിന് ശേഷം എല്‍ഡിഎഫ് ഭരണം പിടിച്ചു. ചോറ്റാനിക്കരയിലും പുതുപ്പള്ളിയിലും പാമ്പാടിയിലും എല്‍ഡിഎഫിന് ഭരണം പിടിക്കാനായതിലും യാക്കോബായ സഭ വോട്ടുകള്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും യാക്കോബായ സഭയുടെ പള്ളികള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് ഇടത് പക്ഷത്തിന് അനുകൂലമായ നിലപാട് യാക്കോബായ സഭ സ്വീകരിച്ചത്. ഇതിന്‍റെ ഭാഗമായി പള്ളികള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച എല്‍ഡിഎഫ് സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ മെത്രാപൊലീത്തമാര്‍ അടക്കം പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. മലങ്കര സഭ പള്ളിത്തര്‍ക്കം വലിയ സംഘര്‍ത്തിലേക്ക് നീങ്ങിയ കോതമംഗലത്തും പിറവത്തും എല്‍ഡിഎഫിന് ഇത്തവണ വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമാണ് രണ്ട് നഗരസഭകളും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി സ്ഥിതി ചെയ്യുന്ന കോതമംഗലം നഗരസഭയില്‍ 17 സീറ്റുകള്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ പത്ത് സീറ്റുകളില്‍ എല്‍ഡിഎഫ് പിടിച്ചപ്പോള്‍ 21 ഇടത്തായിരുന്നു യുഡിഎഫ് വിജയം കൊയ്തത്. പള്ളി ഏറ്റെടുക്കല്‍ വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയ പിറവത്ത് 15 ഡിവിഷനുകളില്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 9 ഇടത്തായിരുന്നു എല്‍ഡിഎഫിന് വിജയിക്കാനായത്. യാക്കോബായ സഭക്ക് സ്വാധീനമുള്ള പഞ്ചായത്തുകളിലും എല്‍ഡിഎഫ് നേട്ടം കൊയ്തു.
ഏറ്റവുമൊടുവില്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പള്ളി പിടിച്ചെടുത്ത മുളന്തുരത്തില്‍ 02 വാര്‍ഡുകളില്‍ നിന്ന് ഏഴ് വാര്‍ഡുകളിലേക്കാണ് എല്‍ഡിഎഫ് സീറ്റെണ്ണം വര്‍ധിപ്പിച്ചത്. ചോറ്റാനിക്കരയില്‍ 06 ല്‍ നിന്ന് 09 ലേക്ക് സീറ്റ് നില ഉയര്‍ത്തി എല്‍ഡിഎഫ് ഭരണം ഉറപ്പിക്കുകയും ചെയ്തു. കോട്ടയം പാമ്പാടിയില്‍ 4 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് 12 സീറ്റുകള്‍ സ്വന്തമാക്കിയാണ് ഭരണം പിടിച്ചത്. യുഡിഎഫിന്‍റെ കുത്തകയായ പുതുപ്പള്ളി പഞ്ചായത്തിന്‍റെ ഭരണം എല്‍ഡിഎഫിന് പിടിക്കാന്‍ കഴിഞ്ഞതിലും യാക്കോബായ വോട്ടുകള്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 05 വാര്‍ഡുകള്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ 09 വാര്‍ഡുകളിലാണ് മുന്നേറ്റം ഉണ്ടാക്കിയത്. ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ മത്സരിക്കുന്ന എല്ലാ സീറ്റുകളിലും പരാജയമുറപ്പാക്കണമെന്ന് ശക്തമായ സോഷ്യല്‍മീഡിയ ക്യാമ്പയ്നാണ് യാക്കോബായ വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.