'തൃശ്ശൂര്‍ ഇത്തവണ എടുക്കുകയല്ല, ജനങ്ങള്‍ തരും'; സുരേഷ് ഗോപി
ശബരിമല പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് സുരേഷ് ഗോപി
തൃശ്ശൂര്‍ ഇത്തവണ എടുക്കുകയല്ല, ജനങ്ങള്‍ തരുമെന്ന് തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. ശബരിമല പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജയിച്ചാൽ എം.എൽ.എ എന്നതിനപ്പുറത്തുള്ള കാര്യങ്ങൾ ചെയ്യും. സാംസ്കാരിക തലസ്ഥാനമായ തൃശ്ശുരില്‍ ടൂറിസത്തിലൂടെ വിസിറ്റേഴ്സ് ഹബാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ, പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച് നശിപ്പിച്ച, ആ പശ്ചാത്തലമെല്ലാം ജനങ്ങളെ ഓര്‍മ്മയിലുണ്ടാകണം എന്ന് അറിയിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അതെ സമയം ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർക്ക് പിന്തുണ നൽകുന കാര്യത്തിൽ ബിജെപി തീരുമാനം ഇന്നുണ്ടായേക്കും.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
വോട്ടര്‍മാരുടെ പ്രതീക്ഷ വോട്ടര്‍മാര്‍ ഏപ്രില്‍ ആറിന് വ്യക്തമാക്കും. തൃശ്ശൂര്‍ ഇങ്ങെടുക്കുവാ എന്നത് എല്ലാവരുടെയും മനസ്സിലുണ്ട്. അവര് പറയുന്നു അത് പറയാന്‍ വേണ്ടി കാത്തുനില്‍ക്കില്ല, തൃശ്ശൂര്‍ ഞങ്ങള്‍ തരികയാണ്. തന്നാല്‍ ഉറപ്പായിട്ടും അവര്‍ പശ്ചാത്തപിക്കേണ്ടി വരില്ല. ഞാന്‍ വടക്കുംനാഥനെ സാക്ഷി നിര്‍ത്തി പറയുകയാണ്. തൃശ്ശൂര്‍ ഇതുക്കും മേലെയല്ല, ഇതുക്കും മേലെ. അതിലേക്ക് ഞാന്‍ നിങ്ങളുടെ ഒരു ചട്ടുകമോ ഒരു ആയുധമോ എന്ത് തന്നെയായാലും അഡ്മിനിസ്ട്രേറ്റിന്‍റെ കാര്യത്തില്‍ ജനാധിപത്യത്തിലൂന്നി നിന്നുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി നാവായുധമാണെങ്കില്‍ നാവ് ആയുധം, കര ആയുധമാണെങ്കില്‍ കര ആയുധം, മന ആയുധമാണെങ്കില്‍ മന ആയുധം, നിങ്ങള്‍ക്ക് വേണ്ടി വര്‍ത്തിക്കും പ്രവര്‍ത്തിക്കും.
തൃശ്ശൂര്‍ സാംസ്കാരിക തലസ്ഥാനമാണ്. സാംസ്കാരികമായ എല്ലാ ചിഹ്നങ്ങളെയും വളരെ തിളക്കത്തോടെ ഏറ്റവും മേല്‍ത്തട്ടില്‍ കൊണ്ടുവന്നു നിര്‍ത്തിയാല്‍ തന്നെ അത് തന്നെയാണ് വികസനത്തിനും ഒരു പക്ഷേ ടൂറിസത്തിലൂടെ തൃശ്ശൂരിന് ഇനിയും കൈവന്നിട്ടില്ലാത്ത ഒരു സാധ്യതയുണ്ട്. ആ ടൂറിസത്തിലേക്ക് ഇവിടെ വിസിറ്റേഴ്സ് ഹബാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കും.
ശബരിമല പ്രചാരണ വിഷയമല്ല. അത് വികാര വിഷയമാണ്, ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്‍ക്കും ഒരു ഭയപ്പാടുണ്ട്. ഇവിടെ വിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാടുണ്ട്. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ നീറി അതൊരു ആയുധമാക്കി കൊണ്ട് എന്തൊരു തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യ രീതിയില്‍ തന്നെ വകവരുത്തണം. അത് വികാരവിഷയമാണ്. ആ വികാര വിഷയത്തിന് ഒരു വെന്‍റ് ഔട്ട് ഇല്ലേ. അത് തുറന്നുവിടണ്ടേ, അത് ജനങ്ങള്‍ ചെയ്തോളും. അത് ജനങ്ങളുടെ വിഷയമാണ്. അത് ഭാരതീയ ജനതാ പാര്‍ട്ടിയുടെയോ കോണ്‍ഗ്രസിന്‍റെയോ ഒന്നും വിഷയമല്ല. അത് ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ.
ജനങ്ങള്‍ അഞ്ച് വര്‍ഷത്തെ, പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച് നശിപ്പിച്ച, ആ പശ്ചാത്തലമെല്ലാം ഓര്‍മ്മയിലുണ്ടാകണം എന്ന് അറിയിക്കും. ആ വിശകലനത്തിന് പോലും പോകില്ല. നമുക്കെപ്പോഴും നാം മുന്നോട്ട് ഉയരങ്ങളിലോട്ട് എന്നാകും.