അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പാഠപുസ്തകം എത്തിയില്ലെന്ന് പരാതി
സമയത്തിന് മുമ്പ് സ്കൂളുകളിൽ പുസ്തകം എത്തിച്ചെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് ഈ പരാതി
സംസ്ഥാനത്തെ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പാഠപുസ്തകം എത്തിയില്ലെന്ന് പരാതി. സമയത്തിന് മുമ്പ് സ്കൂളുകളിൽ പുസ്തകം എത്തിച്ചെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് അംഗീകൃത സ്കൂളുകളിലെ അവസ്ഥ മുൻനിർത്തി വിദ്യാഭ്യാസ പ്രവർത്തകൻ ബദീഉസ്സമാൻ ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തിയെന്നതാണ് സർക്കാർ പക്ഷത്തിന്റെ പ്രധാന പ്രചാരണം. പാഠപുസ്തകങ്ങൾ സമയത്തിനെത്തിച്ചു എന്നതാണ് അനൗൺസ്മെന്റുകളിലെ പ്രധാന ഹൈലൈറ്റ്..
കേരളത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരിൽ 200613 പേർ മലയാളം മീഡിയത്തിലും 218043 പേർ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നുമാണ്. അതായത് മൊത്തമുള്ളതിന്റെ 51.4 % ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളാണെന്ന്.
ഈ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ അധികവും പഠിക്കുന്നത് സർക്കാർ അംഗീകൃത സ്വകാര്യ (Recognized Unaided) സ്ക്കൂളുകളിലാണ് . നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കും അത് വഴി ആഗോള മാർക്കറ്റിലേക്ക് കുട്ടികളെ തയ്യാറാക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നവയാണല്ലോ ഈ സ്ക്കൂളുകൾ.
ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മേൽ സ്ക്കൂളുകളിലേക്ക് പുസ്തകമെത്തുന്നത് അക്കാദമിക വർഷം ഏറെ മുന്നോട്ട് പോയതിന് ശേഷമാണ്. വളരെ നേരത്തെ തന്നെ മുൻകൂറായി പണമടച്ച് ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് കൊടുത്തിട്ടുള്ള അവസ്ഥയാണിത്.
അക്കാദമിക വർഷം തുടങ്ങിയ ശേഷം പുസ്തകമന്വേഷിച്ചു ചെന്നാൽ തിരുവനന്തപുരത്ത് നിന്ന് ഓർഡറെ ത്തിയില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങളണ് കിട്ടാറ്. സർക്കാർ എയ്ഡഡ് കഴിഞ്ഞേ അൺ എയ്ഡഡിന് കൊടുക്കാവൂ എന്നാണ് നിർദേശം എന്നും പറയാറുണ്ട് (അത്തരമൊരു സർക്കാർ ഓർഡറുണ്ടോ എന്ന അന്വേഷണത്തിലാണ് ).
ഈ തെരഞ്ഞെടുപ്പ് വർഷത്തിലെ കഥ അതിലേറെ വിഷമകരമാണ്. ജനുവരി പകുതിയോടെ എല്ലാ സ്ക്കൂളുകളിൽ നിന്നും 2021-22 അധ്യയന വർഷത്തിലേക്കുള്ള പുസ്തകങ്ങളുടെ ഓർഡർ സ്വീകരിച്ചിട്ടുണ്ടെങ്കിലും അൺ എയ്ഡഡ് സ്ക്കൂളുകൾക്ക് പുസ്തകത്തിന്റെ പണമടക്കാനുള്ള നിർദേശം പോലും ലഭിച്ചിട്ടില്ല.
ഇംഗ്ലീഷ് മീഡിയത്തിൽ വേണം പഠനം എന്ന് തീരുമാനിച്ച കുറ്റത്തിന് അൺ എയ്ഡഡ് സ്കൂളിൽ ചേർന്ന വിദ്യാർഥിക്ക് സർക്കാർ വക പുസ്തകം ഓഗസ്റ്റ് സെപ്റ്റംബറിൽ മാത്രം!
ഈ ആകുലതകളുമായി സ്ക്കൂൾ അധ്യാപകർ നടക്കുമ്പോഴാണ് അവരുടെ മുന്നിലൂടെ അനൗൺസ്മെന്റ് വാഹനം പോകുന്നത്: "സമയത്തിന് മുമ്പെ സ്ക്കൂളുകളിൽ പുസ്തകമെത്തിച്ച സർക്കാറിന് ..."
വാൽക്കഷ്ണം 1: സർക്കാർ സ്ക്കൂളിൽ പുസ്തക ലോഡുമായി എത്തിയ ലോറിയുടെ ചിത്രം കാണാതെയല്ല ഇതെഴുതുന്നത്. അവിടെ ലോഡെത്തിയപ്പോൾ സ്വകാര്യ സ്ക്കൂളുകൾക്ക് പണമടക്കാനുള്ള നിർദേശം പോലും നൽകാത്തത് എന്ത് എന്നാണ് ചോദ്യം.
2. കഴിഞ്ഞ കാലങ്ങളിൽ മാറി മാറി വന്ന സർക്കാറുകൾ അംഗീകാരം കൊടുത്തവയാണല്ലോ ഈ സ്ക്കൂളുകൾ . പിന്നെയെന്തിന് ഈ വിവേചനം?
3. സ്വകാര്യ മേഖലയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല; അത് കൊണ്ടാണിങ്ങനെ എന്നും പറഞ്ഞു ആരും വരരുത്. സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം കൊടുത്ത് 1000 കോടിയുടെ നിക്ഷേപം കൊണ്ടു വരുമെന്നാണ് സർക്കാർ പക്ഷക്കാരുടെ ഭരണ വാഗ്ദാനം.