മോചനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുന്നതിൽ നിരാശയുണ്ടെന്ന് റഹീമിന്റെ ഉമ്മ
എത്രയും പെട്ടെന്ന് മോചനമുണ്ടാകണമെന്ന പ്രാർഥനയിലാണ് താനെന്ന് മാതാവ്
കോഴിക്കോട്: മകന്റെ മോചനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുന്നതിൽ നിരാശയുണ്ടെന്ന് സൗദി ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിൻറെ മാതാവ്. മകനെ റിയാദിലെത്തി കണ്ടിരുന്നു. ഇന്ന് മോചനമുണ്ടാകുമെന്നാണ് അവിടെയുള്ളവർ അറിയിച്ചത്. മാധ്യമങ്ങളിലൂടെയാണ് മോചനം ഇനിയും നീളുമെന്നറിഞ്ഞത്. എത്രയും പെട്ടെന്ന് മോചനമുണ്ടാകണമെന്ന പ്രാർഥനയിലാണ് താനെന്നും അബ്ദുറഹീമിന്റെ മാതാവ് മീഡിയ വണ്ണിനോട് പറഞ്ഞു. കോടിക്കണക്കിന് പണം കൊടുത്തിട്ടും തന്റെ മകനെ വിട്ടുതരാൻ തയ്യാറാവുന്നില്ലെന്നത് വിഷമമാണ്. ഓരോരോ ആഴ്ചകളും മാസങ്ങളായി മാറിക്കഴിഞ്ഞു. ഇനിയും രണ്ടാഴ്ച കാത്തിരിക്കണമെന്നത് സഹിക്കാനാവുന്നതിലും അപ്പുറമാണെന്നും റഹീമിന്റെ മാതാവ് കൂട്ടിച്ചേർത്തു.
ഇന്ന് കേസ് പരിഗണിച്ച കോടതി സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മോചന ഉത്തരവ് ഇന്നുണ്ടാകുമെന്നാണ് റിയാദ് നിയമ സഹായ സമിതി പ്രതീക്ഷിച്ചിരുന്നത്. രണ്ടാഴ്ചക്ക് ശേഷം നിലവിലുള്ള ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുക.
റിയാദ് ക്രിമിനൽ കോടതിയാണ് മോചന ഉത്തരവിനുള്ള സിറ്റിംഗ് നടത്തിയത്. എട്ട് മിനിറ്റോളം കോടതി കേസ് പരിഗണിച്ചു. ഇതിന് ശേഷം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി റിയാദിലെ നിയമ സഹായ സമിതിയാണ് അറിയിച്ചത്. കഴിഞ്ഞ മാസം 21 ന് നടന്ന സിറ്റിംഗിലാണ് ഇന്നത്തേക്ക് സിറ്റിംഗ് മാറ്റി വെച്ചത്. പബ്ലിക് പോസിക്യൂഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്നുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. മോചന ഉത്തരവ് മാത്രമാണ് ഇനി വരാനുള്ളത്.
റഹീമിന്റെ അഭിഭാഷകനായ ഒസാമ അൽ അംമ്പർ, എംബസി ഉദ്യോഗസ്ഥനായ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രധിനിധി സിദ്ധീഖ് തുവ്വൂർ എന്നിവർ ഇന്ന് രാവിലെ കോടതിയിൽ എത്തിയിരുന്നു, രാവിലെ എട്ടര മണിക്കാണ് കോടതി കേസ് പരിഗണിച്ചത്. ഇതിന് ശേഷമായിരുന്നു സിറ്റിംഗ് നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. റഹീമിനെ സന്ദർശിക്കാനായി നാട്ടിൽ നിന്നുമെത്തിയ ഉമ്മയും സഹോദരനും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.