സംസ്ഥാനത്തെ 31 ലക്ഷം റേഷൻ കാർഡുകൾ പി.വി.സി രൂപത്തിലേക്ക് മാറിയെന്ന് മന്ത്രി
94 ലക്ഷം റേഷൻ കാർഡുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്തെ 94 ലക്ഷം റേഷൻ കാർഡുകളിൽ മുപ്പത് ലക്ഷം കാർഡുകൾ പി.വി.സി രൂപത്തിലേക്ക് മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽകുമാർ. 2021 നവംബർ രണ്ട് മുതലാണ് പി.വി.സി റേഷൻ കാർഡ് സംവിധാനം നിലവിൽ വന്നത്. ഇതോടെ 94,21,550 റേഷൻ കാർഡുകളിൽ 30,97,020 കാർഡുകൾ പി.വി.സി സംവിധാനത്തിലേക്ക് മാറിയതായി മന്ത്രി നിയമസഭയിലെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
എടിഎം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡില്‍ ക്യൂആര്‍ കോഡും ബാര്‍ കോഡും ഉണ്ടാകും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതി എന്ന സൗകര്യത്തിനാണ് പുസ്തകരൂപത്തിലുള്ള റേഷൻകാർഡുകൾക്ക് പകരം എടിഎം കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലുമുള്ള പിവിസി റേഷന്‍ കാര്‍ഡ് അവതരിപ്പിച്ചത്. മുമ്പുണ്ടായിരുന്ന ഇ-റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാർഡുകളാക്കിയത്.
റേഷൻ കടകളില്‍ ഇപോസ് മെഷീനൊപ്പം ക്യുആര്‍ കോഡ് സ്‌കാനറും ഉണ്ട്. സ്മാര്‍ട്ട് കാര്‍ഡുകൾ സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.
കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകും. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പുറകില്‍. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാകും.
നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍കാര്‍ഡ്, ഇ-റേഷന്‍കാര്‍ഡ് ഉപയോഗിക്കുന്നവർ നിർബന്ധമായും പി.വി.സി രൂപത്തിലുള്ള റേഷൻ കാർഡുകൾ എടുക്കണം എന്ന് നിബന്ധനയില്ലെന്നും മന്ത്രി വിശദീകരിച്ചു. ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ റേഷൻ കാർഡ് പി.ഡി.എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്ത് എ.ടി.എം കാർഡിന്റെ വലുപ്പത്തിൽ പി.വി.സി മെറ്റീരിയലിൽ പ്രിന്റെടുത്ത് ഉപയോഗിക്കുന്നത്.