എട്ടാം ക്ലാസുകാരന്‍ തീച്ചാമുണ്ഡി കോലം കെട്ടിയ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
അടിയന്തിര റിപ്പോർട്ട് നൽകാൻ സി.ഡബ്ലൂ.സി ഡയറക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി
Update: 2023-04-07 12:48 GMT
കണ്ണൂര്‍: കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി തീച്ചാമുണ്ഡി കോലം കെട്ടിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചെയർപെഴ്‌സൺ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്. അടിയന്തിര റിപ്പോർട്ട് നൽകാൻ സി.ഡബ്ലൂ.സി ഡയറക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി.
കണ്ണൂർ ചിറയ്ക്കൽ പെരുങ്കളിയാട്ടത്തിലാണ് എട്ടാം ക്ലാസ് വിദ്യാർഥി തീച്ചാമുണ്ഡി കോലം കെട്ടിയത്. അഗ്നികുണ്ഡത്തിലേക്ക് എടുത്തുചാടുന്നതാണ് തീച്ചാമുണ്ഡി കോലം. വിദ്യാർഥി കോലം കെട്ടിയാടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.