കോഴിക്കോട്ട് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു
രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്
കോഴിക്കോട് നടക്കാവിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. പൊലീസും ഫയർഫോഴ്സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
കോഴിക്കോട് കിഴക്കേ നടക്കാവില്‍ സിറാജ് ദിനപ്പത്രത്തിന്‍റെ ഓഫീസിനോട് ചേര്‍ന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. പുതിയ ലാന്‍ഡ്റോവറിന്‍റെ വെലാര്‍ കാറിനാണ് തീ പിടിച്ചത്. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിന്‍റെതാണ് കാര്‍. തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ സമയത്ത് ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്.
വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. സമീപത്തെ വാഹനങ്ങള്‍ ഉടന്‍ തന്നെ മാറ്റിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി. മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് നല്‍കുന്ന ലക്ഷ്വറി വാഹനം സാധാരണ ഗതിയില്‍ ഇത്തരം അപകടങ്ങളില്‍ പെടാറില്ല. എന്നാല്‍ എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ കമ്പനി വിശദമായ പരിശോധന നടത്തിയേക്കും.