തൃശൂർ റയിൽവേ സ്‌റ്റേഷനിൽ ബാഗിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റേത് സ്വഭാവിക മരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ; ആന്തരിക അവയവങ്ങൾ പരിശോധനക്കയച്ചു
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പ്രസവിച്ച ആൺകുട്ടികളുടെ വിവരം ശേഖരിച്ചുതുടങ്ങി
തൃശൂർ: റയിൽവേ സ്‌റ്റേഷനിൽ ബാഗിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റേത് സ്വഭാവിക മരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവിച്ച് ഏഴാം ദിവസം മരിച്ചതാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.
തൃശൂർ റയിൽവേ സ്‌റ്റേഷനിലെ മേൽപാലത്തിലായിരുന്നു ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ ജനിച്ച ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാസം തെറ്റിയുള്ള പ്രസവമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് മരിച്ച ശേഷം ബാഗിലാക്കി റയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ചതാകാനാണ് സാധ്യത. ആരാണ് ബാഗ് ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
ഇതിനായി പാലക്കാട് റെയിൽവേ ഡിവിഷൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തു പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സ്‌റ്റേഷനിലെ എല്ലാ സിസിടിവി കാമറകളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. ഇത് വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പ്രസവിച്ച ആൺകുട്ടികളുടെ വിവരം ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചു. മരിച്ച ശേഷം കുഞ്ഞിനെ സംസ്ക്കരിക്കാൻ സ്‌ഥലമില്ലാത്ത ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നും പൊലിസ് സംശയിക്കുന്നുണ്ട്. റയിൽവേ സ്‌റ്റേഷനിലേയ്ക്കുള്ള വഴികളിലേയ്ക്ക് ദൃശ്യങ്ങൾ ലഭിക്കുന്ന സ്വകാര്യ കെട്ടിടങ്ങളിലെ സിസിടിവി കാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്.