ക്ഷേത്ര വഞ്ചികളിൽ നിന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ
നിരവധി മോഷണക്കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശി മാത്തുക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
പത്തനംതിട്ട: ക്ഷേത്ര വഞ്ചികളിൽ നിന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് സാഹസികമായി പിടികൂടി. നിരവധി മോഷണക്കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശി മാത്തുക്കുട്ടിയെയാണ് ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴഞ്ചേരി ചന്തക്കടവ് റോഡിൽ നിന്ന് കയ്യിലുണ്ടായിരുന്ന സഞ്ചിയിലെ പണം മറ്റൊരു പെട്ടിയിലേക്ക് മാറ്റുന്നതിനിടെയാണ് മാത്തുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട മാത്തുക്കുട്ടി അവരെ വെട്ടിച്ച് പമ്പാനദിയിലേക്ക് ചാടി അക്കരയ്ക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. അരമണിക്കൂർ വെള്ളത്തിൽ നീന്തിയ മാത്തുക്കുട്ടിയെ വള്ളത്തിൽ ചെന്ന് സാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു.
സ്റ്റേഷനിലെത്തി ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രവഞ്ചികൾ കുത്തിത്തുറന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് മാത്തുക്കുട്ടി മത്തായിയാണെന്ന് പൊലീസിന് മനസിലായത്. നിരവധി ക്ഷേത്രങ്ങളുടെ വഞ്ചികളിൽ നിന്ന് പണം അപഹരിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ചോറ്റാനിക്കരക്ക് സമീപമുള്ള ക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്നെടുത്ത 80000 രൂപ ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ചോറ്റാനിക്കരയിൽ പൊലീസ് എത്തി തെളിവെടുപ്പ് നടത്തി.