നടൻ സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ
ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
നിലവിലെ പ്രസിഡന്റായ മോഹൻലാൽ തന്നെ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലായിരുന്നു മത്സരം. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് . ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനുമോഹൻ, ടൊവീനോ തോമസ്, അൻസിബ ഹസൻ, സരയു എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു വനിതയെ അടുത്ത എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കും.
11 അംഗ എക്‌സിക്യൂട്ടീവിലേക്ക് 12 പേരാണ് മത്സരിച്ചത്. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ നാലുപേർ സ്ത്രീകളായിരിക്കണം. ഷീലു എബ്രഹാം കുക്കു പരമേശ്വരൻ, മഞ്ജു പിള്ള എന്നിവരെ പരിഗണിക്കണമെന്ന് ഒരു വിഭാഗം വനിതകൾ ആവശ്യപ്പെട്ടു.