നടി അക്രമിക്കപ്പെട്ട കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്
നടിയെ ആക്രമിച്ച കേസിൽ തുടരന്വോഷണം വേണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു
നടി അക്രമിക്കപ്പെട്ട കേസിൽ തുടരന്വോഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്. കേസിൽ ബാലചന്ദ്ര കുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വോഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയക്കുന്നതായും രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ തുടരന്വോഷണം വേണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണ കോടതിയിൽ ആണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് വിചാരണ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെയാണ് കേസിൽ നർണായക വഴിത്തിരിവുണ്ടായത്. കേസിൽ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നു പറഞ്ഞ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ മുമ്പ് സമീപിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ആദ്യം നൽകിയ ഹർജി സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളി.
ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുള്ള തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടിട്ടുണ്ടെന്നും കൈക്കൂലി നൽകിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയത്. ആയതിനാൽ കേസിൽ സംവിധായകൻ ബാലചന്ദ്രനെ സാക്ഷിയാക്കിയുള്ള കൃത്യമായ അന്വോഷണമാണ് നടക്കേണ്ടതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ആരെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ നടത്തിയാൽ കേസിൽ തുടരന്വോഷണം വേണമെന്ന് പ്രോസിക്യൂഷൻ നേരത്തെ അഭിപ്രായപ്പെട്ടതാണ്. കേസിൽ ഏതാണ്ട് 140 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്.