നടി ഗൗതമിയുടെ ഭൂമി തട്ടിയ പ്രതികൾ കുന്നംകുളത്ത് പിടിയിൽ

ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ പരാതി നല്‍കിയിരുന്നു

Update: 2023-12-21 05:50 GMT
Editor : Jaisy Thomas | By : Web Desk

ഗൗതമി

Advertising

തൃശൂര്‍: സിനിമാതാരം ഗൗതമിയുടെ 25 കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കർ സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്നും പിടികൂടിയതായി സൂചന. തമിഴ്നാട് സ്വദേശികളായ അഴകപ്പൻ ഭാര്യ ആർച്ച, മകൻ ശിവ, മകന്‍റെ ഭാര്യ ആരതി, ഡ്രൈവർ സതീഷ് കുമാർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെയാണ് തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്ന് പിടികൂടിയത്. തമിഴ്നാട് ഡി.വൈ.എസ്.പി ജോൺ വിറ്ററിന്‍റെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ് സംഘം ചൂണ്ടൽ എഴുത്തുപുരക്കൽ ബിൽഡിങ്ങിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കുന്നംകുളത്ത് പ്രതികൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കി നൽകിയ ബി.ജെ.പി പഞ്ചായത്ത് അംഗത്തിന്‍റെ ഭർത്താവിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തതായാണ് സൂചന ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ പരാതി നല്‍കിയിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പൊലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം പോലീസ് അവരിൽനിന്ന് മൊഴിയെടുത്തിരുന്നു. തന്‍റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ഗൗതമി പരാതിയില്‍ വിശദീകരിക്കുന്നു. 46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും സമീപിച്ചതെന്ന് ഗൗതമി പറയുന്നു

വിശ്വസനീയതയോടെ പെരുമാറിയിരുന്ന അവര്‍ക്ക് താന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നുവെന്നും. എന്നാല്‍ വ്യാജ രേഖകളും തന്‍റെ ഒപ്പും ഉപയോഗിച്ച് അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തിരിക്കുകയാണെന്ന് ഗൗതമി ആരോപിക്കുന്നു. ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗൗതമി പറയുന്നു. തട്ടിപ്പ് നടത്തിയ അഴകപ്പന്‍ രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെ തന്നെയും മകള്‍ സുബ്ബുലക്ഷ്മിയെയും ഭീഷണിപ്പെടുത്തുകയാണെന്നും വധഭീഷണിയടക്കം ലഭിക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു. ഇത് മകളുടെ പഠനത്തെയടക്കം സാരമായി ബാധിക്കുന്നുവെന്നും വിഷയത്തില്‍ ഇടപെട്ട് നഷ്ടപ്പെട്ട ഭൂമി തിരികെ വാങ്ങിനല്‍കാന്‍ പൊലീസ് ഇടപെടണമെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നുമാണ് ഗൗതമി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതിന് പിന്നാലെ 20 വര്‍ഷമായി അംഗമായ ബി.ജെ.പിയില്‍ നിന്നും ഈ വിഷയത്തില്‍ പിന്തുണ ലഭിക്കാത്തതിനാല്‍ താന്‍ പാര്‍ട്ടി വിടുന്നുവെന്നും ഗൗതമി അറിയിച്ചിരുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും സിനിമയില്‍ സജീവമായിരുന്ന ഗൗതമി തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍റെ മുന്‍ പങ്കാളിയായ ഗൗതമി കാന്‍സര്‍ സര്‍വൈവറുമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News